നിയമലംഘകരായ പ്രവാസികളെ പിടികൂടാന്‍ അപ്രതീക്ഷിത പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി സുരക്ഷാ വകുപ്പുകള്‍ നടത്തുന്ന വ്യാപക പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം സാല്‍മിയയില്‍ വന്‍ സന്നാഹത്തോടെ അധികൃതര്‍ അപ്രതീക്ഷിത പരിശോധന നടത്തി. ഖത്തര്‍ സ്ട്രീറ്റിന്റെ പരിസരത്ത് വിവിധ റോഡുകളുടെ പ്രവേശന കവാടങ്ങളും എക്സിറ്റുകളും അടച്ചായിരുന്നു പരിശോധന.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരെയും ക്രിമിനലുകളെയുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. റോഡുകളുടെ എന്‍ട്രി, എക്സിറ്റ് സ്ഥലങ്ങളില്‍ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓരോരുത്തരുടെയും രേഖകള്‍ പരിശോധിച്ചു. എജ്യുക്കേഷന്‍ സെക്ടര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ശൈഖ് ഫവാസ് അല്‍ ഖാലിദ്, കോഓര്‍ഡിനേഷന്‍ ആന്റ് ഫോളോഅപ്പ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ ഖാലിദ് മഹ്‍മൂദ്, ജോയിന്റ് കമ്മിറ്റി ടീം മേധാവി മുഹമ്മദ് ഗലൗദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവന്നിരുന്ന നിരവധി പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചവരെയും തെരുവ് കച്ചവടക്കാരെയും പിടികൂടി. ഇവരുടെ സ്‍പോണ്‍സര്‍മാര്‍ക്ക് സര്‍ക്കാറുമായുള്ള സേവന ഇടപാടുകള്‍ നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി മദ്യ വില്‍പന നടത്തിയ ഒരു ഇന്ത്യക്കാരനെയും പരിശോധന സംഘം പിടികൂടി. പ്രാദേശികമായി നിര്‍മിച്ച 35 ബോട്ടില്‍ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. കൊവിഡ് പ്രതിസന്ധിക്ക് അയവു വന്നതിന് പിന്നാലെ കുവൈത്തില്‍ വ്യാപകമായ പരിശോധകളാണ് കുവൈത്തില്‍ നിയമലംഘകര്‍ക്കായി നടന്നുവരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!