സ്വന്തമായി ആപ്പ് നിർമിച്ച് ദുബായിലെ മലയാളിയായ 9 വയസ്സുകാരി ഹന; ഹനയുടെ മിടുക്കിന് ആപ്പിൾ സിഇഒ യുടെ അഭിനന്ദനം
ദുബായിലെ മലയാളി സ്കൂൾ വിദ്യാർഥിനി സ്വന്തമായി ആപ്പുണ്ടാക്കി ലോകശ്രദ്ധ പിടിച്ചുപറ്റി. കുട്ടിക്കഥകൾ റെക്കോർഡു ചെയ്യാൻ മാതാപിതാക്കളെ സഹായിക്കുന്ന സ്റ്റോറി ടെല്ലിങ് ആപ്പാണ് ദുബായില്‍ താമസിക്കുന്ന കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി ഹന മുഹമ്മദ് റഫീഖ് വികസിപ്പിച്ചെടുത്തത്. ഇതിന് ആപ്പിളിന്‍റെ സിഇഒ ടിം കുക്കിന്റെ അഭിനന്ദനവും ഈ 9 വയസുകാരിയായ ഹന സ്വന്തമാക്കി.
ദുബായിൽ ഐടി സംരംഭകനായ മുഹമ്മദ് റഫീഖിന്റെ മകളായ ഹന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ആപ്പ് ഡെവലപർമാരിൽ ഒരാളായിത്തീർന്നിരിക്കുകയാണ്. ഏറ്റവും പ്രായം കുറഞ്ഞ ഐഒഎസ് ആപ്പ് ഡെവലപ്പർ താനാണെന്ന് അവകാശപ്പെട്ട് ഹന, ടിം കുക്കിന് എഴുതിയ കത്തിന് ലഭിച്ച മറുപടിയിലാണ് ആപ്പിളിൻ്റെ അംഗീകാരം ലഭിച്ചത്. മകളുടെ ആപ്പ് അംഗീകരിച്ചതിൽ ഏറെ അഭിമാനം തോന്നുന്നതായി പിതാവ് മുഹമ്മദ് റഫീഖ് പറഞ്ഞു.
ഭാവിയിൽ നിങ്ങൾ അത്ഭുതങ്ങൾ ചെയ്യും
‘ഇത്രയും ചെറുപ്പത്തിൽ നിങ്ങളുടെ എല്ലാ ശ്രദ്ധേയമായ നേട്ടങ്ങൾക്കും അഭിനന്ദനങ്ങൾ. ഇത് തുടരുക, ഭാവിയിൽ നിങ്ങൾ അത്ഭുതകരമായ കാര്യങ്ങൾ ചെയ്യും’ -ഇതായിരുന്നു ആപ്പിൾ സിഇഒ ടിം കുക്കിന്റെ ഇമെയിലിൻ്റെ ഉള്ളടക്കം. ഇത് മാതാപിതാക്കളും അവരുടെ കുട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ സഹായിക്കും.
ടീം കുക്കിൻ്റെ മറപുടി ഇമെയിൽ വന്നപ്പോൾ ഹന ഉറങ്ങുകയായിരുന്നു. അവളെ ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി ടീം കുക്കിൻ്റെ മറുപടി ലഭിച്ചതായി അറിയിച്ചപ്പോൾ അവൾ പെട്ടെന്ന് തന്നെ എണീറ്റ് മുഖം കഴുകാൻ വാഷ് റൂമിലേയ്ക്ക് ഓടുകയായിരുന്നു. സാധാരണ ഗതിയിൽ കുറേ കുലുക്കി വിളിച്ചാൽ മടിയോടെ എണീക്കുന്ന ആളാണ് ഹനയെന്ന് മുഹമ്മദ് റഫീഖ് പറയുന്നു. ഒരു കാന്തം എന്നെ മുകളിലേക്ക് വലിക്കുന്നതായി എനിക്ക് തോന്നി,”എന്ന് മറുപടി വായിച്ച് ആവേശഭരിതയായ ഹന പറഞ്ഞു.
കുട്ടികൾക്കായി സ്വന്തം ശബ്ദത്തിൽ സ്റ്റോറികൾ റെക്കോർഡുചെയ്യാൻ മാതാപിതാക്കളെ അനുവദിക്കുന്ന സ്റ്റോറിടെല്ലിംഗ് ആപ്പ് വികസിപ്പിക്കുന്നതിന്, ഹന 10,000-ലധികം വരി കോഡുകൾ കൈകൊണ്ട് എഴുതി. കുട്ടികളും രക്ഷാകർത്താക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി കണ്ടപ്പോഴാണ് ആപ്പ് സൃഷ്ടിക്കാനുള്ള ആശയം തനിക്ക് ലഭിച്ചതെന്ന് ഹന പറയുന്നു. മാതാപിതാക്കൾ ജോലിയിൽ തിരക്കിലാണെങ്കിൽ, ഉറങ്ങാൻ പോകുന്നതിനു മുമ്പ് കുട്ടികൾക്ക് കഥകൾ കേൾക്കാൻ കഴിയുന്ന തരത്തിൽ അവർക്ക് കഥകൾ റെക്കോർഡ് ചെയ്യാൻ തന്റെ ആപ്പിലൂടെ സാധിക്കുമെന്ന് ഹറ പറഞ്ഞു.
കോഡിങ്ങിന്റെ ആദ്യ പാഠങ്ങൾ മാതാപിതാക്കളിൽ നിന്ന്
കോഡിങ്ങിന്റെ ആദ്യ പാഠങ്ങൾ മാതാപിതാക്കളിൽ നിന്നാണ് ഹന സ്വായത്തമാക്കിയത്. ഹനയോടൊപ്പം 10 വയസുകാരി സഹോദരി ലീനയും മാതാപിതാക്കളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോഡിങ് പഠിച്ചു. 2018 ൽ എഡ്യൂടെക് സ്റ്റാർട്ടപ്പ് മുഹമ്മദ് റഫീഖിന് ഉണ്ടായിരുന്നു. ആ സ്റ്റാർട്ടപ്പിന് വേണ്ടി അദ്ദേഹം ഭാര്യ ഫാത്തിമ താഹിറയോട് കോഡിങ് പഠിക്കാൻ ആവശ്യപ്പെട്ടു. അന്ന് ലീനയ്ക്ക് ഏകദേശം 6 വയസ്സായിരുന്നു. ഫാത്തിമ താഹിറ ചെയ്യുന്ന കാര്യങ്ങളിൽ അവൾ വളരെ താൽപര്യം കാണിക്കുകയും പഠിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഒരു ചെറിയ ലാപ്‌ടോപ്പ് ആണ് അവൾക്ക് നൽകിയത്. വെബ്‌സൈറ്റ് വികസനത്തിനായി എച്ച്ടിഎംഎൽ, സിഎസ്എസ് എന്നിവ ചെയ്യാൻ തുടങ്ങി. ലീനയും ഇതുമായി സഹകരിച്ചു. അന്ന് അവർ കോഴിക്കോടായിരുന്നു താമസിച്ചിരുന്നത്. കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ദുരിത്തിലായവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ലീനയുടെ ആഗ്രഹത്താൽ തന്റെ വെബ്‌സൈറ്റിൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്കുള്ള ലിങ്ക് ഉൾപ്പെടുത്തി. പെൺകുട്ടികൾക്ക് കോഡ് ചെയ്യാനുള്ള സഹജമായ കഴിവുണ്ടെന്ന് റഫീക്കും ഫാത്തിമ താഹിറയും മനസ്സിലാക്കിയ ആദ്യ സംഭവമാണിത്.
ടിം കുക്കിന് വേണ്ടി പ്രവർത്തിക്കണം
ടിം കുക്കിന് വേണ്ടി ജോലി ചെയ്യണമെന്നതാണ് ഹനയുടെ ആഗ്രഹം. അതേസമയം, ഭാവി പഠനത്തിനായി യുഎസിലേക്ക് പോകണമെന്ന ആഗ്രഹമാണ് ലീനയ്ക്കുള്ളത്. അവിടെ മികച്ച അവസരങ്ങളുണ്ടെന്ന് ഇവർ കരുതുന്നു. രണ്ടുപേരും കോഡിങ്ങിനെ ഇഷ്ടപ്പെടുന്നു. എല്ലാ കുട്ടികളും, പ്രത്യേകിച്ച് പെൺകുട്ടികൾ കോഡിങ് പഠിക്കണമെന്നാണ് ലീനയ്ക്ക് പറയാനുള്ളത്. സെൽഫ് ലേണിങ്ങാണ് സമ്പ്രദായമാണ് ലീനയും ഹനയും പിന്തുടരുന്നത് എന്നത് ശ്രദ്ദേയമാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക