പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമം: ഇതുവരെ അറസ്റ്റിലായത് 1013 പേർ. ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകള്‍ റജിസ്റ്റര്‍ ചെയ്തെന്നു പൊലീസ് അറിയിച്ചു. വിവിധ അക്രമങ്ങളില്‍ പ്രതികളായ 1,013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കി.
വിശദവിവരങ്ങൾ (മേഖല, റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നീ ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി – 24, 40, 151
തിരുവനന്തപുരം റൂറല്‍ – 23, 113, 22
കൊല്ലം സിറ്റി – 27, 169, 13
കൊല്ലം റൂറല്‍ – 12, 71, 63
പത്തനംതിട്ട – 15, 109, 2
ആലപ്പുഴ – 15, 19, 71
കോട്ടയം – 28, 215, 77
ഇടുക്കി – 4, 0, 3
എറണാകുളം സിറ്റി – 6, 4, 16
എറണാകുളം റൂറല്‍ – 17, 17, 22
തൃശൂര്‍ സിറ്റി -10, 2, 14
തൃശൂര്‍ റൂറല്‍ – 4, 0, 10
പാലക്കാട് – 6, 24, 36
മലപ്പുറം – 34, 123, 128
കോഴിക്കോട് സിറ്റി – 7, 0, 20
കോഴിക്കോട് റൂറല്‍ – 8, 8, 23
വയനാട് – 4, 26, 19
കണ്ണൂര്‍ സിറ്റി – 25, 25, 86
കണ്ണൂര്‍ റൂറല്‍ – 6, 10, 9
കാസർകോട് – 6, 38, 34
ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക അക്രമമാണുണ്ടായത്. കെഎസ്ആർടിസി ബസുകളും ലോറികളും ഉൾപ്പെടെ നൂറുകണക്കിനു വാഹനങ്ങൾക്കു നേരെ കല്ലേറുണ്ടായി. പലയിടത്തും കടകളും സ്ഥാപനങ്ങളും അടിച്ചുതകർത്തു. കെഎസ്ആർടിസിയുടെ 8 ഡ്രൈവർമാർ ഉൾപ്പെടെ 24 പേർക്കു പരുക്കേറ്റു. പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎ രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ചായിരുന്നു ഹർത്താൽ.
എന്നാൽ ഹര്‍ത്താലിനിടെ നടന്ന അക്രമ സംഭവങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്രമം നേരിടുന്നതില്‍ പോലീസ് സ്തുത്യര്‍ഹമായ നടപടികളാണ് കൈക്കൊണ്ടത്, തുടര്‍ന്നും കരുത്തുറ്റ നടപടികള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
‘കുറ്റവാളികളില്‍ ചിലരെ ഇന്നലെ തന്നെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കുറേ പേരെ ഇനിയും പിടികൂടാനുണ്ട്. അവര്‍ അടയാളം മറച്ചുവെക്കാന്‍ മുഖംമൂടി ധരിച്ചാണ് എത്തിയത്. അത്തരം ആളുകളെയെല്ലാം പോലീസിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനത്തിലൂടെ കണ്ടെത്തുകയാണ് വേണ്ടത്. ആരേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. കുറ്റവാളികള്‍ നിയമത്തിന്റെ കരങ്ങളിലെത്തും. ആ തരത്തിലുള്ള നടപടികള്‍ കേരളത്തിലെ പോലീസ് സേനക്ക് സ്വീകരിക്കാനാകും’, മുഖ്യമന്ത്രി പറഞ്ഞു.
താത്കാലിക ലാഭത്തിന് വേണ്ടി ഇത്തരം സംഘടനകളെ ഒപ്പം നിര്‍ത്തിയവരുണ്ട്, അവര്‍ ചിന്തിക്കണമെന്നും പ്രതിപക്ഷത്തെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, അക്രമോത്സുകമായ നടപടികള്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി. ഒരുപാട് നാശനഷ്ടങ്ങളുണ്ടാക്കുന്ന രീതിയിലാണ് ഇടപെടലുണ്ടായത്. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്തുള്ള ആക്രമണ രീതി സ്വീകരിച്ചു. വലിയ നാശനഷ്ടങ്ങളുണ്ടായി. ഒരുപാട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ഡോക്ടര്‍പോലും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. കേരളത്തില്‍ അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വ്യാപകമായ അക്രമ സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. തീര്‍ത്തും അപലപനീയമായ നടപടികളാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക