സ്വദേശിവൽക്കരണം കൂടുതൽ ശക്തമാക്കുന്നു; കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ വൻ തുക പിഴ ചുമത്തും

യുഎഇയില്‍ സ്വദേശിവത്കരണ നിരക്ക് സംബന്ധിച്ച് കമ്പനികള്‍ സമര്‍പ്പിക്കുന്ന കണക്കുകളില്‍ കൃത്രിമം കാണിച്ചാല്‍ 20,000 ദിര്‍ഹം പിഴ ചുമത്തും. യുഎഇ മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ശനിയാഴ്ച രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. സ്വദേശിവത്കരണം പാലിക്കാത്ത കമ്പനികളില്‍ നിന്ന് അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ പിഴ ഈടാക്കിത്തുടങ്ങും.

പ്രതിവര്‍ഷം രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കണമെന്നാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളോട് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് മന്ത്രാലയം പുറത്തിറക്കിയ പ്രമേയത്തില്‍, സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരായ നടപടികളും വിശദീകരിച്ചിട്ടുള്ളത്. നിര്‍ദിഷ്ട സമയ പരിധിക്കുള്ളില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനങ്ങള്‍, തൊഴില്‍ ലഭിക്കാത്ത ഓരോ സ്വദേശിക്കും ആനുപാതികമായി 6000 ദിര്‍ഹം വീതം ഓരോ മാസവും പിഴ അടയ്ക്കണം.

ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് പ്രതിവര്‍ഷം രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനുള്ള തീരുമാനം യുഎഇ ക്യാബിനറ്റ് പ്രഖ്യാപിച്ചത്. അന്‍പതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളാണ് സ്വദേശികള്‍ക്കായി മാറ്റിവെയ്ക്കേണ്ടത്. ഇതിലൂടെ ഓരോ വര്‍ഷവും വിവിധ സാമ്പത്തിക രംഗങ്ങളില്‍ സ്വദേശികള്‍ക്കായി 12,000ല്‍ അധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് യുഎഇ ഭരണകൂടം ലക്ഷ്യമിടുന്നത്. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുമെന്നും യുഎഇ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!