നടുറോഡിൽ ഇരു വിഭാഗം വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; സംഘർഷത്തിനിടെ വിദ്യാർഥികളെ ഇടിച്ചുതെറിപ്പിച്ച് കാർ – വീഡിയോ

യു.പിയിലെ ഗാസിയാബാദിൽ കഴിഞ്ഞ ദിവസം വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ വൈറലാകുന്നു. നടുറോഡിൽ ഏറ്റുമുട്ടുന്ന വിദ്യാർഥികൾക്കിടയിലേക്ക് പാഞ്ഞുവരുന്ന കാർ രണ്ട് പേരെ ഇടിച്ചു തെറിപ്പിക്കുന്നതാണ് വൈറലാകുന്ന വിഡിയോ. വെള്ള നിറത്തിലുള്ള കാർ അതിവേഗം വരുന്നത് കണ്ട് വിദ്യാർഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ, കൂട്ടത്തിലെ രണ്ട് പേരെ കാർ ഇടിച്ച് തെറിപ്പിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം.

ഇതിൽ ഒരാൾ ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുകളിലേക്ക് വീഴുന്നതും ചില്ലുകൾ പൊട്ടുന്നതും കാണാം. ഇടിയിൽ വിദ്യാർത്ഥികളിലൊരാളുടെ ചെരുപ്പ് മുകളിലേക്ക് തെറിച്ചുപോവുന്നതും വിഡിയോയിലുണ്ട്. നിലത്തുവീണ വിദ്യാർഥികൾ റോഡിൽ നിന്ന് എഴുന്നേൽക്കുന്നുണ്ടെങ്കിലും വീണ്ടും ഇവർ മർദനത്തിന് ഇരയാവുന്നുണ്ട്. ഇവരെ ഇടിച്ചിട്ടതിന് ശേഷവും കാർ അപകടകരമാംവിധം പിറകോട്ട് എടുക്കുന്നതും വിഡിയോയിലുണ്ട്. ഇതോടെ സംഘർഷം കൂടുതൽ വഷളായി. നിമിഷങ്ങൾക്കകം സ്ഥലത്തേക്കെത്തിയ പൊലീസുകാരെ കണ്ടതോടെ വിദ്യാർഥികൾ പിരിഞ്ഞുപോയി.

 

 

‘മസൂറി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ചില കോളജ് വിദ്യാർഥികൾക്കിടയിലാണ് സംഘർഷമുണ്ടായത്. രണ്ട് വിദ്യാർഥി ഗ്രൂപ്പുകൾ തങ്ങളുടെ ആധിപത്യം തെളിയിക്കാനാണ് തെരുവിൽ ഏറ്റുമുട്ടിയത്. ഇതിനിടെയാണ് വിദ്യാർഥികളിൽ ചിലരെ ഒരു കാർ ഇടിച്ചുതെറിപ്പിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷം ചില വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവരെ ചോദ്യം ചെയ്തുവരുന്നതായും’ -പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

 

Share
error: Content is protected !!