സന്ദർശക വിസയിൽ വരുന്നവർക്ക് നവംബർ 1 മുതൽ ഖത്തറിലേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തും

ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തില്‍ ഖത്തറില്‍ സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു. നവംബർ 1 മുതൽ കര, വ്യോമ, സമുദ്രമാര്‍ഗം ഖത്തറിലേക്ക് പ്രവേശിക്കാൻ സന്ദർശക വിസയിലുള്ളവർക്ക് അനുവാദമുണ്ടാകില്ല. എന്നാൽ ജനുവരി 23 വരെ ഖത്തറിൽ തങ്ങാൻ അനുവദിക്കുന്ന ഹയാ കാര്‍ഡ് ഉടമകള്‍ക്ക് വിലക്ക് ബാധകമല്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹയാ കാർഡ് ഉടമകൾക്ക് പുറമെ ഖത്തറില്‍ താമസവിസയുള്ളവര്‍, ഖത്തര്‍ പൗരന്മാര്‍, ഖത്തര്‍ ഐഡിയുള്ള ജിസിസി പൗരന്മാര്‍, പേഴ്‌സണല്‍ റിക്രൂട്ട്‌മെന്റ് വിസകള്‍, തൊഴില്‍ വിസകള്‍ എന്നിവയ്ക്കും വ്യോമമാര്‍ഗം മനുഷ്യത്വപരമായ കേസുകളിലും ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും.

അതേസമയം സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ നിബന്ധനകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നിരവധിപ്പേരെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. വിവിധ രാജ്യക്കാരായ നൂറിലധികം പേരെയാണ് കഴിഞ്ഞ ദിവസം മാത്രം തിരിച്ചയച്ചത്. സന്ദര്‍ശക വിസ ദുരുപയോഗം ചെയ്ത്, തൊഴില്‍ അന്വേഷിച്ചും മറ്റും വ്യാപകമായി ആളുകള്‍ എത്തുന്നതും ഇവരില്‍ പലരും രാജ്യത്ത് കുടുങ്ങുന്നതുമായ സംഭവങ്ങള്‍ കണക്കിലെടുത്ത് നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാത്രക്കാര്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ വിശദീകരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഗള്‍ഫ് എയര്‍, വിവിധ ട്രാവല്‍ ഏജന്‍സികള്‍ക്ക് സര്‍ക്കുലര്‍ അയക്കുകയും ചെയ്തു. ബഹ്റൈനില്‍ ജോലി ശരിയാക്കാമെന്ന വാഗ്ദാനം നല്‍കി ഏജന്റുമാര്‍ വന്‍തുക ഈടാക്കിയ ശേഷം സന്ദര്‍ശക വിസയില്‍ എത്തിച്ചവരും തിരിച്ച് പോകേണ്ടി വന്നവരുടെ ഈ കൂട്ടത്തിലുണ്ട്.

ബഹ്റൈനില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ക്രെഡിറ്റ് കാര്‍ഡ് അല്ലെങ്കില്‍ രാജ്യത്ത് താമസിക്കാന്‍ പോകുന്ന ഓരോ ദിവസത്തേക്കും 50 ദിനാര്‍ വീതം കൈവശമുണ്ടാകണമെന്നതാണ് പ്രധാന നിബന്ധന. മടങ്ങിപ്പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരിക്കണം. ഈ ടിക്കറ്റ് ഗള്‍ഫ് എയറിന്റേത് അല്ലെങ്കില്‍, എമിഗ്രേഷന്‍ പരിശോധനാ സമയത്ത് ടിക്കറ്റ് നമ്പര്‍ ഉണ്ടായിരിക്കണം. ബഹ്റൈനില്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന ഹോട്ടലിന്റെ ബുക്കിങ്, അല്ലെങ്കില്‍ സ്‍പോണ്‍സര്‍ ചെയ്യുന്ന ആളുടെ താമസ സ്ഥലത്തിന്റെ രേഖ. കവറിങ് ലെറ്റര്‍, സി.സി.ആര്‍ റീഡര്‍ കോപ്പി എന്നിവയും ഉണ്ടായിരിക്കണം.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!