വനിതാ ഹോസ്റ്റൽ ശുചിമുറിയിലെ വീഡിയോ പ്രചരിപ്പിച്ച സംഭവം: മറ്റൊരു പെൺകുട്ടിയുടെ വീഡിയോയും കണ്ടെത്തി, കാമുകന് പോൺസൈറ്റുമായി ബന്ധമെന്ന് സംശയം

ചണ്ഡിഗഡ് യൂണിവേഴ്സിറ്റിയുടെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ പെൺകുട്ടിയുടെ മൊബൈൽ ഫോണിൽനിന്നു മറ്റൊരു വിഡിയോ കൂടി കണ്ടെടുത്തു. ഫോണിൽ ഒരു വിഡിയോ മാത്രമാണ് ഉണ്ടായിരുന്നതെന്നും അതു പെൺകുട്ടിയുടെ തന്നെ ദൃശ്യങ്ങളാണെന്നുമായിരുന്നു കഴിഞ്ഞദിവസം പൊലീസും സർവകലാശാല അധികൃതരും പറഞ്ഞിരുന്നത്.

സ്വന്തം സ്വകാര്യ വിഡിയോ കാമുകനുമായി പങ്കിടുന്നതു കുറ്റകരമല്ലെന്നായിരുന്നു എസ്‌എസ്പിയുടെ വിശദീകരണം. എന്നാൽ കൂടുതൽ പരിശോധനയിൽ ഫോണിൽ മറ്റൊരു വിഡിയോ കൂടി കണ്ടെത്തുകയായിരുന്നു. പക്ഷേ, ദൃശ്യങ്ങളിൽ മുഖം വ്യക്തമല്ലാത്തതിനാൽ പെൺകുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. അറസ്റ്റിലായ പെൺകുട്ടിയടെ വിഡിയോ അല്ലെന്നു പൊലീസ് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

മൊബൈലിൽനിന്നു ചില വിഡിയോകൾ ഡിലീറ്റായതായും പൊലീസ് കണ്ടെത്തി. പെൺകുട്ടിയുടെയും മറ്റു രണ്ടു പ്രതികളുടെയും മൊബൈലുകൾ ചണ്ഡിഗഡിലെ സെൻട്രൽ ഫൊറൻസിക് സയൻസ് ലാബിലേക്കു (സിഎഫ്എസ്എൽ) പരിശോധനയ്ക്കായി അയയ്ക്കാനാണ് പൊലീസിന്റെ തീരുമാനം.

പെൺകുട്ടിയുടെ 23 വയസ്സുകാരനായ കാമുകനും 31 വയസ്സുകാരനായ കൂട്ടാളിയുമാണ് അറസ്റ്റിലായ മറ്റു രണ്ടു പേർ. ഇവർ അശ്ലീല വിഡിയോകൾ പോൺ വെബ്‌സൈറ്റുകൾക്കോ വിദേശത്തോ വിൽക്കുന്നവരാണെന്നു പൊലീസ് സംശയിക്കുന്നു. പ്രതികളെ ചോദ്യം ചെയ്തതിൽ ഇരുവർക്കും ഒരു സഹായി കൂടി ഉണ്ടെന്ന് കണ്ടെത്തി. ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചുവരികയാണ്.

അതേസമയം, ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറി ദൃശ്യങ്ങൾ ചിത്രീകരിക്കാൻ അറസ്റ്റിലായ പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. തന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമോയെന്ന് ഭയന്നാണ് പെണ്‍കുട്ടി മറ്റുള്ളവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് കരുതുന്നതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തത്.

മൂന്നു പ്രതികളെയും തിങ്കളാഴ്ച, ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പ്രതികൾ വിദ്യാർഥികളുടെ അശ്ലീല വിഡിയോകൾ ശേഖരിച്ച് മറ്റൊരു ഉപകരണത്തിൽ സൂക്ഷിച്ച് വിൽപന നടത്തിയിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് കോടതിയിൽ അറിയിച്ചു. “ആ ഉപകരണം വീണ്ടെടുക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ട്.” പൊലീസ് കോടതിയിൽ പറഞ്ഞു. പെൺകുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിച്ചിട്ടില്ലാത്തതിനാൽ പ്രതികൾക്കു ജാമ്യം നൽകണമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറ‍ഞ്ഞെങ്കിലും കോടതി അംഗീകരിച്ചില്ല.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!