പ്ലസ് ടു, ഡിഗ്രി പാസായവരാണോ? എയര്‍പോര്‍ട്സ് അതോറിറ്റിയില്‍ അസിസ്റ്റൻ്റ് തസ്തികയിൽ ജോലി ചെയ്യാം; കേരളത്തിലുൾപ്പെടെ ഒഴിവുകൾ
മിനിരത്‌ന റാങ്കിലുള്ള കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജൂനിയര്‍/ സീനിയര്‍ അസിസ്റ്റന്റിന്റെ 156 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം ഉള്‍പ്പെടെയുള്ള സതേണ്‍ മേഖലയിലാണ് ഒഴിവുകള്‍. ഫയര്‍ സര്‍വീസ്, ഓഫീസ് എന്നീ വിഭാഗങ്ങളിലായി ജൂനിയര്‍ അസിസ്റ്റന്റിന്റെ 142 ഒഴിവും അക്കൗണ്ട്സ്, ഒഫീഷ്യല്‍ ലാംഗ്വേജ് വിഭാഗങ്ങളിലായി സീനിയര്‍ അസിസ്റ്റന്റിന്റെ 14 ഒഴിവുമാണുള്ളത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് കൊച്ചിയും കേന്ദ്രമാണ്.
ജൂനിയര്‍ അസിസ്റ്റന്റ് (ഫയര്‍): ഒഴിവ്-132. യോഗ്യത-പത്താംക്ലാസ് വിജയവും മെക്കാനിക്കല്‍, ഓട്ടോമൊബൈല്‍, ഫയര്‍ എന്നിവയിലൊന്നില്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ത്രിവത്സര റെഗുലര്‍ ഡിപ്ലോമയും. അല്ലെങ്കില്‍ റെഗുലറായി നേടിയ, 50 ശതമാനം മാര്‍ക്കോടെയുള്ള പന്ത്രണ്ടാംക്ലാസ് വിജയം. ഹെവി മോട്ടോര്‍ ഡ്രൈവിങ് ലൈസെന്‍സോ കുറഞ്ഞത് ഒരുവര്‍ഷംമുന്‍പ് നേടിയ മീഡിയം ഹെവി വെഹിക്കിള്‍ ലൈസെന്‍സോ കുറഞ്ഞത് രണ്ടുവര്‍ഷംമുന്‍പ് നേടിയ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസെന്‍സോ ഉണ്ടായിരിക്കണം (ശാരീരികയോഗ്യത സംബന്ധമായ വിവരങ്ങള്‍ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക).
ജൂനിയര്‍ അസിസ്റ്റന്റ് (ഓഫീസ്): ഒഴിവ്-10. യോഗ്യത-ബിരുദവും മിനിറ്റില്‍ 30 ഇംഗ്ലീഷ് വാക്ക്/ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം.
സീനിയര്‍ അസിസ്റ്റന്റ് (അക്കൗണ്ട്സ്): ഒഴിവ്-13. യോഗ്യത-ബിരുദവും (ബി.കോം.കാര്‍ക്ക് മുന്‍ഗണന) 3-6 മാസം ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ ട്രെയിനിങ് കോഴ്സും ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും.
സീനിയര്‍ അസിസ്റ്റന്റ് (ഒഫീഷ്യല്‍ ലാംഗ്വേജ്): ഒഴിവ്-1. യോഗ്യത-ഹിന്ദി, ഇംഗ്ലീഷ് എന്നിവ പ്രധാന വിഷയമോ നിര്‍ബന്ധിത വിഷയമോ മാധ്യമമായോ ആയി ബിരുദവും ബിരുദാനന്തരബിരുദവും നേടിയവര്‍. ഹിന്ദി ടൈപ്പിങ് അറിയാവുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. ബന്ധപ്പെട്ട മേഖലയില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം.
പ്രായം: 28.08.2022-ന് 18-30 വയസ്സ്. ഉയര്‍ന്ന് പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഒ.ബി.സി. (എന്‍.സി.എല്‍.) വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് ലഭിക്കും. വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും അഞ്ചുവര്‍ഷത്തെ (എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 10 വര്‍ഷം, ഒ.ബി.സി.-എന്‍.സി.എല്‍. വിഭാഗത്തിന് എട്ടുവര്‍ഷം) ഇളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസ്സിളവും ഉണ്ടായിരിക്കും.
ശമ്പളം: ജൂനിയര്‍ അസിസ്റ്റന്റിന് 31,000-92,000 രൂപയും സീനിയര്‍ അസിസ്റ്റന്റിന് 36,000-1,10,000 രൂപയും.
അപേക്ഷാഫീസ്: 1000 രൂപയാണ് ഫീസ്. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും വിമുക്തഭടര്‍ക്കും എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അപ്രന്റിസ്ഷിപ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കും ഫീസ് ആവശ്യമില്ല. എല്ലാ വിഭാഗക്കാരും കോവിഡുമായി ബന്ധപ്പെട്ട ശുചിത്വനടപടികള്‍ക്ക് 90 രൂപ അടയ്ക്കണം. ഓണ്‍ലൈനായാണ് ഫീസ് അടയ്‌ക്കേണ്ടത്. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.aai.aero എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. സെപ്റ്റംബര്‍ ഒന്നുമുതല്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ 30.
കൂടുതൽ തൊഴിൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക