അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍; വാര്‍ത്താ സമ്മേളനത്തിന് മുന്‍പ് ചീഫ് സെക്രട്ടറി ഗവര്‍ണറെ കാണുന്നു

മുഖ്യമന്ത്രിയുമായും സർക്കാരുമായും തുറന്ന പോരു തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തെളിവുകൾ പുറത്തുവിടാൻ രാജ്ഭവനിൽ ഇന്നു രാവിലെ 11.45നു ഗവർണർ വിളിച്ച വാർത്താസമ്മേളനത്തിനു തൊട്ടുമുൻപ് ഗവർണറെ കാണാൻ ചീഫ് സെക്രട്ടറി വി.പി ജോയ് രാജ്ഭവനിൽ എത്തി. ഗവർണറോട് ചീഫ് സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കും. അവസാനവട്ട അനുനയ നീക്കമാണ് കൂടിക്കാഴ്‍ചയെങ്കിലും ലഹരി വിരുദ്ധ ക്യാംപെയ്‌ന് ക്ഷണിക്കാനെന്നാണ് ഔദ്യോഗിക വിശദീകരണം.

അരമണിക്കൂറോളം രാജ്ഭവനിൽ ചിലവഴിച്ച ശേഷമാണ് ചീഫ് സെക്രട്ടറി മടങ്ങിയത്. വീഡിയോ പ്രദർശിപ്പിക്കുന്നതിനുൾപ്പെടെയുള്ള സജ്ജീകരണങ്ങൾ വാർത്തസമ്മേളനത്തിനായി രാജ്ഭവനിൽ ഒരുക്കിയിട്ടുണ്ട്.

ഗവർണർമാർ വാർത്താസമ്മേളനം വിളിച്ചുകൂട്ടുന്ന നടപടി കേരളത്തിൽ മാത്രമല്ല, രാജ്യത്തു തന്നെ അസാധാരണമാണ്. ഇതുവരെ പൊതുചടങ്ങുകളിലോ വിമാനത്താവളങ്ങളിലോ വച്ച് മാധ്യമങ്ങളോടു പ്രതികരിക്കുന്ന രീതിയാണു ഗവർണർ തുടർന്നുവന്നത്. എന്നാൽ, വാർത്താ സമ്മേളനം വിളിച്ചത് അദ്ദേഹം കടുത്ത നടപടികളിലേക്കു നീങ്ങുന്നതിന്റെ സൂചനയാണ്. ഗവർണർ പങ്കെടുത്ത ചരിത്ര കോൺഗ്രസ് ചടങ്ങിൽ ഉണ്ടായ സ‌ുരക്ഷാ വീഴ്ചകൾ സംബന്ധിച്ച തെളിവുകളും ഇതുവരെ വിവാദ വിഷയങ്ങളിൽ സർക്കാരുമായി നടത്തിയ കത്തിടപാടുകളും ഗവർണർ പുറത്തുവിട്ടേക്കും.

മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് ചീഫ് സെക്രട്ടറി കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ എത്തുന്നത്. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറാകില്ല.നിയമനിര്‍മാണ സഭയുടെ പരമാധികാരം ഉപയോഗിച്ച് പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിട്ട് നിയമമാക്കണമെന്നത് ഭരണഘടനാ ചുമതലയാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരോപിക്കുന്ന കാര്യങ്ങളില്‍ പക്ഷേ സര്‍ക്കാര്‍ നീക്കുപോക്കുകള്‍ക്ക് തയ്യാറായേക്കും.

ഗവര്‍ണര്‍ ആവശ്യപ്പെടുന്നത് ചരിത്ര കോണ്‍ഗ്രസില്‍ തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഗൂഡാലോചനയുണ്ടെന്നാണ്. ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയല്ലേ ഇതില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടത് എന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!