പോര് മുറുകുന്നതിനിടെ അസാധാരണ നീക്കവുമായി ഗവർണർ; നാളെ രാജ്ഭവനില്‍ വാര്‍ത്താസമ്മേളനം വിളിച്ചു
അസാധാരണ നീക്കവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. തിങ്കളാഴ്ച രാവിലെ 11.45ന് രാജ്ഭവനില്‍ അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചു. മുഖ്യമന്ത്രിയുമായുളള വാക്പോര് തുടരുന്നതിനിടെയാണു വാര്‍ത്താസമ്മേളനം. ചരിത്ര കോണ്‍ഗ്രസിലെ സുരക്ഷാവീഴ്ച സംബന്ധിച്ച തെളിവു പുറത്തുവിട്ടേക്കും.
അതേസമയം, കേരള സർക്കാരിനെ ഗവർണർ ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി. കർഷക സംഘം ജില്ലാ സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവർണെന്ന് രാവിലെയും ഗോവിന്ദർ പറഞ്ഞിരുന്നു.
മുഖ്യമന്ത്രി തന്നോടു ചില ആനുകൂല്യങ്ങള്‍ ചോദിച്ചെന്ന വെളിപ്പെടുത്തലുമായി നേരത്തെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. എന്താണ് ചോദിച്ചതെന്നു പറയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയും ഭാഗമാണ്. ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ കെ.ടി.ജലീലിനെതിരെയും ഗവര്‍ണര്‍ തുറന്നടിച്ചു.
മുഖ്യമന്ത്രി തനിക്കയച്ച കത്തുകള്‍ പുറത്തുവിടുമെന്ന നിലപാട് ആവര്‍ത്തിച്ച ശേഷമാണ് ഇന്നു ഗുരുതരമായ മറ്റൊരാരോപണം ഗവര്‍ണര്‍ ഉന്നയിച്ചത്. എന്താണ് മുഖ്യമന്ത്രി ചോദിച്ച ആനുകൂല്യങ്ങളെന്ന് തിരുവനന്തപുരത്തെത്തിയ ഗവര്‍ണറോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ മറുപടിയില്‍നിന്ന് ഒഴിഞ്ഞുമാറിയ ആരിഫ് മുഹമ്മദ് ഖാന്‍ താന്‍ തുടര്‍ച്ചയായി മാധ്യമങ്ങളോടു പ്രതികരിക്കുന്നതിനെ വിമര്‍ശിച്ച മുഖ്യമന്ത്രിക്കെതിരെ തിരിയുകയായിരുന്നു.
കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ തനിക്കെതിരെയുണ്ടായ പ്രതിഷേധത്തെ തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ വേദിയില്‍ ചിലര്‍ വിലക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഇതിന്‍റെ വിഡിയോയും നാളെ പുറത്തുവിടും. ചരിത്ര കോണ്‍ഗ്രസ് സംഘാടകനും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ. രാഗേഷിനെയാണു ഗവര്‍ണര്‍ ഉന്നമിടുന്നത്.
തനിക്കെതിരെ ഉണ്ടായത് വധശ്രമമല്ല, ഭയപ്പെടുത്തി നിശബ്ദനാക്കാനുള്ള ശ്രമമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. തന്‍റെ എഡിസിയുടെ ഷര്‍ട്ട് കീറിയിട്ടുപോലും കേസെടുക്കാത്തതും ഗൂഢാലോചനയുടെ ഭാഗമാണെന്നു പറഞ്ഞ ഗവര്‍ണര്‍ ഇതാദ്യമായി മുഖ്യമന്ത്രിക്കും ഇതില്‍ പങ്കുണ്ടെന്ന് തുറന്ന് ആരോപിച്ചു.
എതിര്‍ ശബ്ദങ്ങളെ അംഗീകരിക്കാത്തതാണു സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേർത്തു. ഭരണഘടനക്കെതിരെ പാര്‍ട്ടി ക്ലാസുകളില്‍ രഹസ്യമായി പറയാറുള്ളത് പൊതുവേദിയില്‍ പറഞ്ഞതുകൊണ്ടുമാത്രമാണു സജി ചെറിയാനു രാജിവയ്ക്കേണ്ടി വന്നത്. കെ.ടി.ജലീലിന്‍റെ ആസാദ് കശ്മീര്‍ പരാമര്‍ശം പാക്കിസ്ഥാന്‍ ഭാഷയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ഏറ്റുമുട്ടലിൽനിന്നു പിന്തിരിയാനില്ലെന്നു വ്യക്തമാക്കുന്നതാണു ഗവര്‍ണറുടെ പ്രതികരണം. അനുനയത്തിനു സര്‍ക്കാരും തയാറല്ലെന്ന നിലപാടിലാണ്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക