മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ: നടപടികൾ കൂടുതൽ ലളിതമാക്കി

വിദേശികൾക്ക് യുഎഇയിലേക്ക് 5 വർഷം കാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വീസ ലഭിക്കാനുള്ള നടപടികൾ ലളിതമാക്കി. ഒരു വർഷം പരമാവധി 90 ദിവസം യുഎഇയിൽ താമസിക്കാൻ അനുവദിക്കുന്നതാണ് പുതിയ വീസ. പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാകുന്ന ഒക്ടോബർ 3 മുതലാണ് ദീർഘകാലാവധിയുള്ള ടൂറിസ്റ്റ് വീസ അപേക്ഷകർക്ക് നൽകിതുടങ്ങുക.

4,000 ഡോളറിനു (3 ലക്ഷം രൂപ) തുല്യമായ ബാങ്ക് ബാലൻസുണ്ടെങ്കിൽ വീസയ്ക്ക് അപേക്ഷിക്കാം. വീസ അപേക്ഷ സമർപ്പിക്കുന്നതിന്റെ മുൻപുള്ള 6 മാസത്തെ ബാങ്ക് ഇടപാട് രേഖകളാകും അപേക്ഷയോടൊപ്പം പരിഗണിക്കുക. 3 ലക്ഷം രൂപ ബാങ്ക് ഗാരന്റിയായും സമർപ്പിക്കണം. ആരോഗ്യ ഇൻഷുറൻസും എടുത്തിരിക്കണം. ഇത്രയും രേഖകൾ ഉണ്ടെങ്കിൽ കളർ ഫോട്ടോക്കൊപ്പം പാസ്പോർട്ടിന്റെ പകർപ്പ് കൂടി നൽകി അപേക്ഷിച്ചാൽ വീസ ലഭിക്കുമെന്നു അധികൃതർ വ്യക്തമാക്കി.

വീസ ലഭിച്ചാൽ 90 ദിവസം വരെ തുടർച്ചയായി രാജ്യത്ത് തങ്ങാം. ഒരു വർഷത്തിനിടയ്ക്ക് ഇതിൽ കൂടുതൽ ദിവസം കഴിയണമെന്നുള്ളവർക്ക് പുതുക്കാനും അവസരമുണ്ട്. ഈ വീസയിൽ പരമാവധി താമസിക്കാൻ കഴിയുന്നത് 180 ദിവസമാണ്.

എന്നാൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് അതോറിറ്റിയുടെ പ്രത്യേക അനുമതി ഉള്ളവരെ ഈ പൊതു വിനോദ വീസ നിയമത്തിൽ നിന്ന് ഒഴിവാക്കും. ഏതു സാഹചര്യത്തിലാണെങ്കിലും ഒരു വർഷം പൂർത്തിയായാൽ വീസ ലഭിച്ചവർ രാജ്യം വിടണമെന്നാണു ചട്ടം.

5 വർഷത്തിനിടെ എത്ര തവണ വേണമെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനു തടസ്സമില്ല. എത്ര തവണ പ്രവേശിച്ചാലും പരമാവധി ദിവസങ്ങൾ 180ൽ കൂടാൻ പാടില്ലെന്നു മാത്രം. കാലാവധിയിൽ വൈവിധ്യമുള്ള വിവിധതരം സന്ദർശക വീസകൾ ഒക്ടോബർ മുതൽ അപേക്ഷകർക്ക് നൽകും.

30 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വീസയും ഇതിൽ ഉൾപ്പെടുന്നു. ഇതു 90 ദിവസം വരെ നീട്ടാനാകും. രാജ്യം വിടാതെ തന്നെ രണ്ടു തവണ പുതുക്കാൻ സാധിക്കുന്ന വീസയാണിത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!