മുഖ്യന് നേരെയും തെരുവ് നായ; ആട്ടിയോടിച്ച് സുരക്ഷാ ഉദ്യോഗസ്ഥർ
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് സമീപത്തേക്ക് എത്തിയ തെരുവ് നായയെ സുരക്ഷാ ഉദ്യോഗസ്ഥർ ആട്ടിയോടിച്ചു. പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കുന്നതിനായി എകെജി ഭവനിൽ എത്തിയതായിരുന്നു പിണറായി.
മുഖ്യമന്ത്രി വാഹനത്തിൽനിന്ന് ഇറങ്ങാൻ നേരമാണ് കാറിന് സമീപത്തേക്ക് തെരുവ് നായ ഓടിയെത്തിയത്. ഇതേസമയം തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ നായയെ ആട്ടിയോടിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്താകെ തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ വിവിധ കോണുകളിൽ നിന്നുള്ള പ്രതിഷേധവും ശക്തമായി. തെുരവ് നായ്ക്കളുടെ കടിയേൽക്കുന്ന കേസുകൾ ദിനംപ്രതി വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നും നിരവധിപേർക്ക് തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായി.
മൃഗങ്ങൾക്ക് നേരയെും നായ്ക്കളുടെ ആക്രമണം വർധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ. കണ്ണൂരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് പശുക്കളാണ് പേവിഷബാധയേറ്റ് ചത്തത്.
ഇതിനിടെ സംസ്ഥാനത്ത് തെരുവ് നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുന്ന നടപടി ആരംഭിച്ചു. മെഗാ വാക്സിനേഷൻ പദ്ധതിക്കായി പത്ത് ലക്ഷം ഡോസ് വാക്സിനാണ് സംസ്ഥാനം വാങ്ങുന്നത്. 170 ഹോട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട കുത്തിവയ്പ് നടത്തുക. 10 ലക്ഷം വാക്സിൻ എത്തിച്ച ശേഷമായിരിക്കും വാക്സിനേഷൻ നടപടികൾ ആരംഭിക്കുക.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക