ലോഡിറക്കാന്‍ അനുവദിക്കുന്നില്ല; പ്രവാസികളുടെ കടക്ക് ചുമട്ടുതൊഴിലാളികളുടെ വിലക്ക്
കോഴിക്കോട് തൊണ്ടയാട് പ്രവാസികളുടെ കട ചുമട്ടു തൊഴിലാളികളുടെ വിലക്ക് കാരണം തുറക്കാൻ സാധിക്കുന്നില്ലെന്ന് പരാതി. കമ്പി, സിമൻ്റ് പോലുള്ള നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടയിലെ തൊഴിലാഴികളെ ലോഡിറക്കാന്‍ ചുമട്ട് തൊഴിലാളികൾ അനുവദിക്കാത്തതാണ് സ്ഥാപനത്തിന് തിരിച്ചടിയായത്. സ്ഥാപനം അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്ന് ഉടമ കെ.ഇ റഷീദ് പറഞ്ഞു. എന്നാൽ ഉടമകള്‍ സഹകരിക്കാത്തിനാലാണ് ലോഡിറക്കാന്‍ അനുവദിക്കാത്തതെന്നാണ് ചുമട്ടുതൊഴിലാളികളുടെ നിലപാട്.
കോഴിക്കോട് തൊണ്ടയാടുള്ള കെഇആർ ആൻ്റ് വി.പി എൻ്റർപ്രൈസസ് എന്ന കടയാണ് ലോഡിറക്കാൻ ചുമട്ടു തൊഴിലാളികൾ അനുവദിത്താതിനാൽ പ്രതിസന്ധിയിലായത്. ഉടമ സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കുന്നതിലൂടെ തങ്ങൾക്ക് ജോലി നഷ്ടപ്പെടുന്നുവെന്നാണ് ചുമട്ടുതൊഴിലാളികൾ പറയുന്നത്. അതിനാൽ മറ്റൊരാളെ ലോഡിറിക്കാൻ അനുവദിക്കില്ലെന്നും ഇവർ പറഞ്ഞു.
അതേ സമയം ഇതര സംസ്ഥാനക്കാരായ രണ്ട് പേരുൾപ്പെടെ വെറും മൂന്ന് തൊഴിലാളികൾ മാത്രമുള്ള ഒരു ചെറിയ സ്ഥാപനമാണിതെന്നും, ഇവിടേക്ക് കൊണ്ടു വരുന്ന സാധനങ്ങൾ ഇവിടെയുള്ള തൊഴിലാളികൾ തന്നെ ഇറക്കാറാണ് പതിവ് എന്നും ഉടമ പറയുന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച ശേഷം ആരംഭിച്ച സ്ഥാപനമാണിതെന്നും ഉടമ കെ.ഇ റഷീദ് പറഞ്ഞു.
ഇതിനിടെ പ്രശ്‌നം പരിഹരിക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ സ്ഥാപനം നടത്തികൊണ്ടുപോകാനാവശ്യമായ സഹായം ലഭിക്കുന്ന രീതിയിലല്ല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സമീപനം. ചുമട്ടു തൊഴിലാളികൾക്ക് ജോലി കൊടുത്തു കൊണ്ട് ഇതുപോലെ ഒരു ചെറിയ സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാനാകില്ല. സമീപത്തുള്ള സമാനമായ പല വലിയ സ്ഥാപനങ്ങളിലും സ്വന്തം തൊഴിലാളികളാണ് ലോഡിറക്കുന്നത്. എന്നാൽ ഞങ്ങളുടെ സ്ഥാപനത്തിന് മാത്രം ചുമട്ടുതൊഴിലാളികൾ ലോഡിറക്കുമ്പോൾ അത് വിപ്പന വിലയിൽ മറ്റു സ്ഥാപനങ്ങളേക്കാൾ വർധനവിന് കാരണമാകും. ഇത് ബിസിനസ്സ് കുറയാൻ കാരണമാകുകയും, അത് വഴി സ്ഥാപനം അടച്ചു പൂട്ടാൻ വഴിയൊരുക്കുകയും ചെയ്യുമെന്നും ഉടമ പറഞ്ഞു. ഇപ്പോൾ ഒരു മാസത്തോളമായി സ്ഥാപനം അടഞ്ഞ് കിടക്കുകയാണ്. വിൽപ്പന നടത്താനാകാത്തതിനാൽ സ്റ്റോക്കുള്ള സാധനങ്ങൾ ചീത്തയാകുന്നുണ്ട്. സ്ഥാപനം പ്രവർത്തിക്കാത്തതിനാൽ ബാങ്ക് ലോൺ തിരിച്ചടക്കാനാകുന്നില്ലെന്നും ഉടമ പറയുന്നു.
സ്ഥാപനത്തെ പൂട്ടിക്കുവാനുള്ള ആസൂത്രിത നീക്കത്തിൻ്റെ ഭാഗമായാണ് ഈ പ്രശ്നമെന്നാണ് ഉടമയുടെ വാദം. ഞങ്ങളുടെ സ്ഥാപനം പ്രവർത്തിക്കുന്ന ഏരിയ ചുമട്ടു തൊഴിലാളികൾ ജോലി ചെയ്യുന്നതിന് അനുവദിക്കപ്പെട്ട പ്രദേശമല്ലെന്നും, ഇത് പോലെയുള്ള നിരവധി സ്ഥാപനങ്ങൾ ഇവിടെ വേറെയും പ്രവർത്തിക്കുന്നുണ്ട്. അവിടെയെല്ലാം സ്വന്തം തൊഴിലാളികളാണ് ലോഡിറക്കുന്നത്. എന്നാൽ അവിടെയൊന്നും ചുമട്ട് തൊഴിലാളികൾ പ്രശ്‌നമുണ്ടാക്കുന്നില്ലെന്നും, അതിനാൽ തന്നെ ഇത് ഈ സ്ഥാപനത്തെ തകർക്കുവാൻ ലക്ഷ്യം വെച്ചുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു മാസം സ്ഥാപനം അടഞ്ഞ് കിടന്നപ്പോൾ തന്നെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരിക്കുന്നു. സ്ഥാപനം തുടങ്ങുവാനായി സഹകരണ ബാങ്കുകളിൽ നിന്നും എസ്.ബി.ഐ യിൽ നിന്നുമായി വൻ തുക ബാങ്ക് ലോണെടുത്തിരുന്നു, അതിന്റെ തിരിച്ചടവും, വാഹനത്തിന്റെ അടവും പ്രതിസന്ധിയിലായിരിക്കുകയാണ്. കേവലം മൂന്ന് പേർ മാത്രം ജോലി ചെയ്യുന്ന ഒരു ചെറിയ സ്ഥാപനത്തിൽ ഇത്തരം ഒരു നടപടി പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉടമ പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി ഈ പ്രശ്‌നം കാരണം സ്ഥാപനം അടഞ്ഞ് കിടക്കുകയായിരുന്നു. ഇന്ന് വീണ്ടും തുറന്നപ്പോഴാണ് വീണ്ടും പ്രശ്‌നവുമായി ചുമട്ടു തൊഴിലാളികൾ എത്തിയത്. കമ്പിയുമായി വന്ന വാഹനത്തിൽ നിന്ന് ലോഡിറക്കാൻ അനുവദിക്കില്ലന്നാണ് ചുമട്ടു തൊഴിലാളികളുടെ നിലപാട്. അതിനാൽ ലോഡിറക്കാൻ സാധിക്കാതെ വാഹനം ലോഡുമായി നിറുത്തിയിട്ടിരിക്കുകയാണെന്നും ഉടമ പറഞ്ഞു.
എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു ചർച്ചക്കും ഉടമകൾ തയ്യാറുകുന്നില്ലെന്നാണ് ചുമട്ടു തൊഴിലാളികൾ പറയുന്നത്. ഉടമകളുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാകുന്നില്ലെന്നും ചുമട്ടുതൊഴിലാളികൾ ആരോപിക്കുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക