എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ പുക ഉയർന്ന സംഭവം: തിക്കിലും തിരക്കിലും പെട്ട് യാത്രക്കാർക്ക് പരിക്കേറ്റു

മസ്ക്കറ്റിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെടാനിരിക്കെ, എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ചിറകിൽ നിന്ന് പുക ഉയർന്ന സംഭവത്തിൽ ഏതാനും യാത്രക്കാർക്ക് നിസാര പരിക്കേറ്റതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. എഞ്ചിനുകളിലൊന്നിൽ തീപിടിച്ചതാണ് പുക ഉയരാൻ കാരണം.

പുക ഉയർന്നതോടെ പരിഭ്രാന്തരായ യാത്രക്കാർ എമർജൻസി വിൻഡോയിലൂടെയും മറ്റും രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കുഞ്ഞുങ്ങളേയും മറ്റും എടുത്ത് യാത്രക്കാർ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് പരിക്കേറ്റത്. എന്നാൽ ആരുടേയും പരിക്ക് ഗുരതമല്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും അതോറിറ്റി അറിയിച്ചു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും  സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയര്‍ ഇന്ത്യയും അറിയിച്ചു.

ഇന്ന് രാവിലെ ഒമാൻ സമയം 11:33 ന് കൊച്ചി  വിമാനത്താവളത്തിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് നമ്പർ IX442 വിമാനത്തിലാണ് തീയും പുകയും ഉയർന്നത്.

മുഴുവൻ യാത്രക്കാരെയും കയറ്റിയ ശേഷമായിരുന്നു തീ പിടിച്ചത്.  ഇതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്‍റെ ഇടത് വശത്തെ ചിറകിൽ നിന്നാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.

മുഴുവൻ യാത്രക്കാരെയും ഇന്നു തന്നെ നാട്ടിലെത്തിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്ര ചെയ്യേണ്ട വിമാനം അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടതിനാൽ മുംബൈയിൽ നിന്നും പകരം വിമാനം മസ്കറ്റിലെത്തിച്ച് അതിലാവും യാത്രക്കാരെ കൊച്ചിയിൽ എത്തിക്കുക. ഇന്ന് രാത്രി 9.20-ന് വിമാനം മസ്കറ്റിൽ നിന്നും പുറപ്പെടും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

 

 

Share
error: Content is protected !!