പൊലീസുകാരെ വളഞ്ഞിട്ട് തല്ലി, വാഹനത്തിന് തീയിട്ടു; യുദ്ധക്കളമായി കൊൽക്കത്ത – വിഡിയോ

ബംഗാളിൽ മമതാ ബാനർജി സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ബിജെപി ചൊവ്വാഴ്ച നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് തെരുവുയുദ്ധത്തില്‍ കലാശിച്ചതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആരോപണങ്ങള്‍ ഉന്നയിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും വിഡിയോകള്‍ പുറത്തുവിട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ദ മജുംദാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ അകാരണമായി ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി വീശുകയും ചെയ്തതായി ബിജെപി ആരോപിച്ചു. ബിജെപിക്ക് സമാധാനപരമായി മാർച്ച് ചെയ്യാൻ അനുമതി നൽകിയെങ്കിലും മനഃപൂർവം ആക്രമണം നടത്തിയതായി തൃണമൂലും ആരോപിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

പൊലീസ് ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ഉൾപ്പെടെ സംഘർഷത്തിന്റെ വിവിധ ദൃശ്യങ്ങൾ പുറത്തുവന്നു. ബിജെപി പതാകകൾ വഹിക്കുന്ന ഒരു സംഘം ആളുകൾ പൊലീസ് യൂണിഫോമിലുള്ളയാളെ വടി ഉപയോഗിച്ച് തലയിൽ ഉൾപ്പെടെ അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഉദ്യോഗസ്ഥൻ തിരിച്ച് ലാത്തിവീശിയതോടെ ചിതറിയോടിയ പ്രവർത്തകർ, പിന്നീട് മറ്റൊരു ഉദ്യോഗസ്ഥനെതിരെ തിരിയുകയും നാട്ടുകാർ എത്തി ഇദ്ദേഹത്തെ രക്ഷപ്പെടുത്തുകയുമായിരുന്നു.

 

 

പൊലീസ് വാഹനങ്ങൾ അഗ്നിക്കിരയാക്കുന്നതിന്റെ ദൃശ്യവും പുറത്തുവന്നു. കാവി ടീ-ഷർട്ട് ധരിച്ച ഒരാൾ സിഗരറ്റ് ലൈറ്റർ ഉപയോഗിച്ച് സീറ്റിൽ ഇട്ടിരുന്ന ടവ്വലിനു തീയിടുന്ന വിഡിയോ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബിഎസ് ശ്രീനിവാസ് ട്വീറ്റ് ചെയ്തു. ‘ബംഗാളിൽ ഏത് പാർട്ടിയുടെ ‘ദേശീയ കലാപകാരികളാണ്’ പൊലീസ് ജീപ്പുകൾ കത്തിക്കുന്നത് എന്ന് കാണൂ..’ എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇതു നിഷേധിച്ച പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, പൊലീസ് അത് സ്വയം ചെയ്തതാകാമെന്നു ആരോപിച്ചു. ബിജെപി പ്രവർത്തകർ ആയുധങ്ങളൊന്നും കൈവശം വച്ചിരുന്നില്ലെന്നും തൃണമൂൽ കോൺഗ്രസിന്റെ ജിഹാദികൾ വന്ന് അക്രമം നടത്തിയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

 

 

പ്രതിഷേധത്തിലേക്കു നുഴഞ്ഞുകയറിയ മറ്റു ചിലരാണ് ആക്രമണം നടത്തിയതെന്നും ഇത് ആരാണെന്ന് വ്യക്തമാണെന്നും ബിജെപി നേതാവ് സ്വപൻ ദാസ്ഗുപ്ത പറഞ്ഞു. സാധാരണക്കാർക്കു നേരെയാണ് പൊലീസ് ലാത്തിവീശിയതെന്നു കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ പറഞ്ഞു. സമാധാനപരമായി നീങ്ങിയ പ്രകടനത്തിനു നേരെ പൊലീസ് മനഃപൂർവം ആക്രമണം അഴിച്ചുവിടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.

 

 

അതേസമയം ബിജെപി നേതാക്കൾ ഗുണ്ടകളായി മാറിയെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. പൊലീസ് ‘അതിശക്തമായ സംയമനം’ കാണിച്ചെന്നും പ്രതിഷേധക്കാരുടെ ആക്രമണത്തിനിരയായിട്ടും പൊലീസ് വെടിയുതിർത്തില്ലെന്ന് തൃണമൂൽ നേതാവ് സൗഗത റോയ് ചൂണ്ടിക്കാട്ടി. 1993ൽ കൊൽക്കത്തയിൽ 13 തൃണമൂൽ പ്രവർത്തകർ പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടതും അവർ ചൂണ്ടിക്കാട്ടി.

 

 

‘‘പൊലീസിനെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പ്രവർത്തകർ നീങ്ങിയത്. ഒരു കാരണവുമില്ലാതെ കല്ലും ഇഷ്ടികയും എറിഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. ബുർബസാർ മേഖലയിൽ അവർ കാറുകൾ തകർത്തു. വളരെ കുറച്ച് ബിജെപിക്കാർക്ക് മാത്രമാണ് പരുക്കേറ്റത്. എല്ലാ ദൃശ്യങ്ങളിലും ബിജെപി പ്രവർത്തകർ കല്ലെറിയുന്നത് കാണാം.’’– സൗഗത റോയ് പറഞ്ഞു.

സമരക്കാർക്കു നേരെ പൊലീസ് നിർദയമായാണ് പെരുമാറിയതെന്ന് ആരോപിച്ച് ബിജെപി കൽക്കട്ട ഹൈക്കോടതിയിൽ ഹർജി നൽകി. പൊലീസ് നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ കോടതി ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. അതേസമയം, മന്ത്രിമാരും മുതിർന്ന നേതാക്കളും ഉൾപ്പെടെയുള്ളവർക്കെതിരേ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികൾക്കെതിരേ പ്രമേയം കൊണ്ടുവരാൻ ബംഗാൾ നിയമസഭ ഒരുങ്ങുകയാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!