സ്‌കൂൾ ബസിൽ ശ്വാസം മുട്ടി മരിച്ച നാല് വയസ്സുകാരി മിൻസയുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്‌കാരം ഇന്ന്, സ്‌കൂൾ അടച്ചുപൂട്ടാൻ മന്ത്രാലയം ഉത്തരവിട്ടു

ഖത്തറിലെ സ്പ്രിങ്‌ഫീൽ കിൻഡർഗാർഡൻ സ്‌കൂൾ ബസിൽ ശ്വാസംമുട്ടി മരിച്ച നാല് വയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് (ബുധനാഴ്ച) സംസ്കരിക്കും.  ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30 ഓടെ ദോഹയിൽ നിന്നുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച മൃതദേഹം പിതാവ് അഭിലാഷിന്റെ സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ടുപോയി. അഭിലാഷും ഭാര്യ സൗമ്യയും മൃതദേഹത്തെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് വക്രയിലെ സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർഡൻ സ്‌കൂൾ ബസ്സിൽ റിൻസ ശ്വാസംമുട്ടി മരിച്ചത്.

ഇന്നലെ (ചൊവ്വാഴ്ച) വൈകീട്ട് ഹമദ് ആശുപത്രി മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് കണ്ണീരിൽ കുതിർന്ന യാത്രയയപ്പാണ് മിൻസക്ക് നൽകിയത്. ഖത്തർ വിദ്യാഭ്യാസ മന്ത്രി ബുതൈന ബിൻത് അലി അൽ നുഐമി മരിച്ച കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ അനുശോചനം അറിയിച്ചിരുന്നു.

ഇന്ന് വൈകീട്ട് 3.30 ന് കോട്ടയം ചിങ്ങവനത്തെ അഭിലാഷിന്റെ കുടുംബവസതിയിലാണ് സംസ്കാരചടങ്ങുകൾ നടക്കുക.

കഴിഞ്ഞ ഞായറാഴ്ചയാണ് വക്രയിലെ സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർഡൻ സ്‌കൂൾ ബസ്സിൽ റിൻസ ശ്വാസംമുട്ടി മരിച്ചത്. നാലം ജന്മദിനത്തിൽ സ്‌കൂളിലേക്ക് പുറപ്പെട്ട കുട്ടി ബസ്സിൽ ഉറങ്ങിപ്പോയത് അറിയാതെ ബസ് വെയിലത്ത് പാർക്ക് ചെയ്ത് ബസ് ജീവനക്കാർ മടങ്ങുകയായിരുന്നു. കുട്ടിയെ കാണാതായതിനെ  തുടർന്ന് നടത്തിയ അന്വേഷണത്തിൽ അബോധാവസ്ഥയിൽ ബസ്സിനുള്ളിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വർഷങ്ങളായി ഖത്തറിൽ ജോലി ചെയ്യുന്ന അഭിലാഷിൻ്റേയും ഭാര്യ സൗമ്യയുടേയും ഇളയമകളാണ് മരണപ്പെട്ട മിൻസ. മിൻസയുടെ സഹോദരി മീഖ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ രണ്ടാം ക്‌ളാസ്  വിദ്യാർത്ഥിനിയാണ്.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഉടൻതന്നെ അറസ്റ്റ് ചെയ്തിരുന്നു. പിഞ്ചുബാലികയുടെ മരണത്തിന് ഉത്തരവാദികളായ വക്രയിലെ സ്പ്രിങ്‌ഫീൽഡ് സ്‌കൂൾ അടച്ചുപൂട്ടാൻ ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ജീവനക്കാരുടെ ഭാഗത്ത്നിന്ന് ഗുരുതര വീഴചയുണ്ടായതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ മന്ത്രാലയത്തിനുള്ള പ്രതിബദ്ധതയും അധികൃതർ ആവർത്തിച്ചു.

സ്‌കൂൾ മാനേജ്‌മെന്റിനെതിരെ നടപടിയാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ ബസ് ജീവനക്കാരെ പ്രതികളാക്കി രക്ഷപ്പെടാനാണ് മാനേജ്മെൻ്റ് ശ്രമിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!