18 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറി പെട്ടെന്ന് തിരിച്ചു; നിയന്ത്രണം വിട്ട ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു, ഒരു കുടുംബത്തിലെ മൂന്നു പേർക്ക് ദാരുണാന്ത്യം – വീഡിയോ

കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു കാറിനു മുകളിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു. കാർ യാത്രികരായ ദമ്പതികളും മകനുമാണ് മരിച്ചത്. മറ്റു രണ്ടു പേർക്ക് പരുക്കേറ്റു. ഗുരുദാസ്പൂരിലെ ചീമ ഖുദ്ദിയാൻ ഗ്രാമത്തിലെ താമസക്കാരായ ഗുർകിർപാൽ സിംഗ്, ഭാര്യ രമൺജിത് കൗർ, മകൻ ജസ്മീത് സിംഗ് എന്നിവരാണ് മരിച്ചത്.

തിങ്കളാളഴ്ച ഉച്ചയോടെ പഞ്ചാബിലെ ബെഹ്‌റാമിൽ, ഫഗ്‌വാര– ചണ്ഡിഗഢ് ദേശീയപാതയിലാണ് ദാരുണസംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ലോഡ് കയറ്റിയ ട്രെയിലർ ബാലൻസ് നഷ്ടപ്പെട്ട് അതിന്റെ വശത്തേക്ക് മറിയുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും വന്നിരുന്ന രണ്ട് കാറുകളിൽ ഒന്ന് പൂർണമായും ട്രെയിലറിനടിൽപ്പെട്ടു. മറ്റൊരു കാർ ട്രെയിലറിൻ്റെ ചരക്ക് കയറ്റുന്ന ഭാഗത്തേക്ക് കയറി നിൽക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. ട്രെയിലറിനടിൽപ്പെട്ട കാർ പൂർണമായും തകർന്ന് പരന്നതായി അപകടത്തിന് ശേഷമുള്ള ദൃശ്യങ്ങളിൽ വ്യക്തമാണ്.  ഈ കാറിനകത്തായിരുന്നു മരിച്ച കുടുംബം യാത്ര ചെയ്തിരുന്നത്.

ചരക്കുമായി വന്ന 18 ചക്രങ്ങളുള്ള കണ്ടെയ്നർ ലോറി, വേഗം കുറയ്ക്കാതെ പെട്ടെന്നു തിരിച്ചതാണ് അപകടത്തിന് കാരണം.  തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ലോറിയിൽനിന്നും സാധനങ്ങൾ താഴേയ്ക്കു വീണു. ഫഗ്‌വാരയിൽനിന്നു വന്ന ഒരു കാർ ലോറിയുടെ കാബിൻ ഭാഗത്തും മറ്റൊരു കാർ പിന്നിലുമാണ് ഇടിച്ചത്.

കാബിന്റെ ഭാഗത്ത് ഇടിച്ച കാർ പൂർണമായും തകർന്നു. ഇതിൽ സ‍ഞ്ചരിച്ച ദമ്പതികളും മകനുമാണ് സംഭവസ്ഥലത്തുതന്നെ മരിച്ചത്. ലോറിയുടെ ഡ്രൈവർ മേജർ സിങ്ങിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്റ്റർ ചെയ്തെന്നു പൊലീസ് അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണുക..

 

Share
error: Content is protected !!