വാഹനപകടത്തിൽ പരിക്കേറ്റ റഹീം ദുരിതക്കിടക്കയിൽ; ഡിസ്ചാർജ് ചെയ്തിട്ടും നാടണയാനാകുന്നില്ല, ലോൺ തിരിച്ചടവ് നിലച്ചതിനാൽ വീടും ജപ്തി ചെയ്തു

അപകടം ശരീരത്തിനേൽപിച്ച പ്രഹരത്തിന്റെ നീറുന്ന വേദനകൾ, അതിനൊപ്പം നിയമപ്രശ്നത്തിന്റെ അഴിയാക്കുരുക്കുകളും. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശി റഹീമിന്റെ ജീവിതം നിസ്സഹായതയിൽ ഉരുകുകയാണ്. ആറുമാസമായി മുബാറക്ക് അൽകബീർ ആശുപത്രിയിലെ സർജിക്കൽ വാർഡിൽ ഡിസ്ചാർജ് ചെയ്തിട്ടും നാടണയാനാവാതെ കഴിയുകയാണ് റഹീം. 2022 മാർച്ച് 17ന് കുവൈത്തിലെ ഷുഹദ സിഗ്നലിലുണ്ടായ അപകടമാണ് ആ ജീവിതം മാറ്റിമറിച്ചത്. അറബിവീട്ടിലെ ഡ്രൈവറായിരുന്നു 44കാരനായ റഹിം. റഹീം ഓടിച്ച വാഹനം മറ്റു രണ്ടുവാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

തലക്ക് ക്ഷതവും എല്ലുകൾക്കു ഒടിവും സംഭവിച്ചു. തുടർന്ന് നീണ്ടകാലം ഐ.സി.യുവിൽ കഴിഞ്ഞു. ഇതിനിടെ മൂന്നുതവണ ഹൃദയാഘാതവും ഉണ്ടായി. എന്നാൽ, ഇതെല്ലാം മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നു. തലച്ചോറിനേറ്റ ക്ഷതം കാരണം ബുദ്ധിഭ്രമവും പേശികൾ ചലിപ്പിക്കാത്തതുകാരണം ശാരീരിക ബലഹീനതകളുംകൊണ്ട് ബുദ്ധിമുട്ടുന്ന അദ്ദേഹം നഴ്സുമാരുടെ കാരുണ്യംകൊണ്ടാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്.

വീട്ടിൽനിന്ന് ഒളിച്ചോടിയെന്ന് സ്പോൺസർ നൽകിയ കേസാണ് നാടണയലിന് തടസ്സമായത്. ഇതിനകം ഇക്കാമ തീർന്നു. കെ.എം.സി.സി, ഇന്ത്യൻ എംബസി നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങി പലരും ഇടപെട്ടെങ്കിലും കേസ് പിൻവലിക്കാതെ കിടക്കുകയാണ്. ഷമീർ അടിവാരം എന്ന പരിചയക്കാരന്റെ ഇടപെടലിലൂടെ നാട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു റഹീമും നാട്ടിലുള്ള കുടുംബവും. ഫർവാനിയ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് യാത്രവിലക്ക് നീക്കംചെയ്യാനുള്ള ശ്രമം നടത്തി. എന്നാൽ, ഇതിനിടെ, അപകടസമയത്തെ സിഗ്‌നൽ ഭേദിച്ചു എന്ന കുറ്റവും അതിന്റെ ഭാഗമായുള്ള യാത്രവിലക്കും ഉണ്ടെന്നറിഞ്ഞു.

അടുത്ത പ്രദേശമെന്ന നിലക്ക് അവധിക്കാലത്ത് റഹീമിന്റെ വീട് സന്ദർശിച്ചിരുന്നു. അവിടെ കണ്ട കാഴ്‌ച കരളലിയിക്കുന്നതായിരുന്നു. ലോൺ തിരിച്ചടവ് നിലച്ചതിനാൽ വീട് ജപ്തിചെയ്തു. കരുണ വറ്റാത്ത ബന്ധുക്കളും നാട്ടുകാരും ചേർന്ന് ആ കുടുംബത്തെ വാടക വീട്ടിലേക്ക് മാറ്റി. ഇതൊന്നുമറിയാതെ റഹീം ആശുപത്രി കിടക്കയിലും!

 

എഴുത്ത്: അറഫാത്ത് സി.കെ.ഡി.

(ചീഫ് മെഡിക്കൽ ടെക്നോളജിസ്‌റ്റ്, മുബാറക് ആശുപത്രി, ഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ചത്)

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!