മദ്രസയിൽ പോകാൻ താൽപര്യമില്ല; മദ്രസ പൂട്ടിക്കാൻ 13 കാരൻ കൂട്ടുകാരനെ കൊന്ന് കുഴിച്ച് മൂടി
ഹരിയാനയിലെ നൂഹിൽ 11 വയസ്സുകാരനെ മദ്രസക്കുള്ളിൽ കൊന്ന് കുഴിച്ച് മൂടി. സംഭവത്തിൽ 13 കാരനായ സുഹൃത്ത് പിടിയിലായി. സെപ്തംബർ അഞ്ചിനാണ് ടെഡ് ഗ്രാമത്തിൽ താമസിക്കുന്ന 11 കാരനായ സമീറിനെ മദ്രസയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസിൻ്റെ വിശദീകരണം ഇങ്ങിനെ: കൊല നടത്തിയ 13 കാരനായ വിദ്യാർഥിക്ക് മദ്രസയിൽ പഠിക്കാൻ താൽപര്യമില്ലായിരുന്നു. മദ്രസക്ക് അപകീർത്തിയുണ്ടാക്കിയാൽ മദ്രസ അടച്ച് പൂട്ടുമെന്ന് പ്രതിയായ 13കാരൻ വിശ്വസിച്ചു. അതിനായി തൻ്റെ കളിക്കൂട്ടുകാരനായ സമീറിനെ മദ്രസയിൽ വെച്ച് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സെപ്റ്റംബർ മൂന്നിനാണ് സമീറിനെ 13 കാരൻ കൊന്നത്. സമീറിനെ മദ്രസയുടെ ബേസ്‌മെന്റിലെ മുറിയിലേക്ക് കൂട്ടികൊണ്ടുപോയി മർദിച്ച് കൊന്ന് മണലിൽ കുഴിച്ചുമൂടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ കുട്ടിയെ ഫരീദാബാദിലെ കറക്ഷണൽ ഹോമിലേക്ക് അയച്ചതായും പൊലീസ് പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കുറ്റാരോപിതനായ കുട്ടിയും കൊല്ലപ്പെട്ട സമീറും ഒരുമിച്ച് കളിക്കാറുണ്ടായിരുന്നുവെന്നും, നല്ല സൗഹൃദത്തിലായിരുന്നുവെന്നും നൂഹ് പൊലീസ് സൂപ്രണ്ട് വരുൺ സിംഗ്ല പറഞ്ഞു. സെപ്തംബർ മൂന്നിനാണ് താൻ കൃത്യം നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു.
കുട്ടി മദ്രസയിൽ നിന്ന് മടങ്ങിയെത്തിയില്ലെന്ന് 11 വയസ്സുകാരന്റെ കുടുംബം സെപ്റ്റംബർ മൂന്നിന് പരാതി പറഞ്ഞിരുന്നു. രണ്ട് ദിവസത്തിന് ശേഷം, മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ചില ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചലിൽ മദ്രസയ്ക്കുള്ളിൽ ഭാഗികമായി അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പിനങ്കാവ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തു.
കൊല്ലപ്പെട്ട സമീർ 2021 മുതൽ ഷാ ചൗഖ ഗ്രാമത്തിലെ ദർഗ വാല മദ്രസയിൽ താമസിച്ച് ഉറുദു, അറബിക് ഭാഷകൾ പഠിച്ചു വരികയായിരുന്നു. സെപ്റ്റംബർ മൂന്നിന് സമീറിനെ മദ്രസയിൽ നിന്ന് കാണാതായെന്ന് ഗ്രാമവാസികളിലൊരാളായ ഹാജി അക്തർ വീട്ടുകാരെ അറിയിച്ചിരുന്നു.
മദ്രസയിലെ രണ്ട് അധ്യാപകരെയും പാചകക്കാരനെയും ആദ്യം ചോദ്യം ചെയ്‌തിരുന്നുവെങ്കിലും അന്വേഷണത്തിന് സഹായകരമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിരുന്നില്ല.
സെപ്തംബർ എട്ടിന്, മദ്രസയിലെ ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമില്ലാത്തതിനാൽ കുട്ടിയെ കൊലപ്പെടുത്തിയെന്ന് 13 വയസ്സുകാരൻ പിതാവിനോട് പറഞ്ഞിരുന്നു. ഇത് കേട്ട് ഞെട്ടിയ പിതാവ് നാട്ടിലെ മുതിർന്നവരിൽ ഒരാളോട് ഇക്കാര്യം പറഞ്ഞു, പോലീസിൽ അറിയിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടിയുടെ കുറ്റസമ്മതം ഒരു ദിവസത്തിന് ശേഷം പിതാവ് തന്നെ അറിയിച്ചതായി പോലീസും പറഞ്ഞു.
എന്നാൽ അടുത്ത രണ്ട് ദിവസങ്ങളിലും ഭയംമൂലം പ്രതിയായ ബാലൻ തന്റെ മൊഴികൾ മാറ്റിക്കൊണ്ടിരുന്നു, എങ്കിലും പിന്നീട് അവൻ കുറ്റം സമ്മതിച്ചതായും പൊലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിനിടെ, മദ്രസയിലെ ഭാഷാ ക്ലാസുകളിൽ പങ്കെടുത്തതിനാൽ താൻ അമിതമായി തളർന്നുപോയെന്നും അത് ഒഴിവാക്കാൻ മാതാപിതാക്കൾ അനുവദിച്ചില്ലെന്നും പ്രതി പോലീസിനോട് പറഞ്ഞു. ആറുമാസം മുമ്പാണ് പ്രതിയായ കുട്ടി മദ്രസയിൽ ചേർന്നത്.
സെപ്തംബർ 3ന് (ശനിയാഴ്ച) കുട്ടികൾ കളിക്കാൻ പോയപ്പോൾ, ഇരുവരും ഒരുമിച്ച് കളിക്കാനായി പുറപ്പെട്ടു. അങ്ങിനെ 11 കാരനെ പ്രലോബിപ്പിച്ച് ബേസ്മെൻ്റിലെ റൂമിനടുത്തേക്ക് കൊണ്ടുപോയി. അവിടെവെച്ച് 11 വയസ്സുകാരന്റെ മുഖത്ത് പലതവണ അടിച്ചു, കഴുത്ത് ഞെരിച്ചു. കുട്ടി ബോധരഹിതനായി നിലത്ത് വീണുവെന്നും പ്രതിയുടെ കുറ്റസമ്മതം ഉദ്ധരിച്ച് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. തലയുടെ പിൻഭാഗത്തും മുഖത്തുമേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
2017ൽ ഗുരുഗ്രാമിലെ ഒരു പ്രമുഖ സ്‌കൂളിലെ ശുചിമുറിയിൽ രണ്ടാം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർത്ഥിയാണ് കുറ്റകൃത്യത്തിന് അന്ന് പിടിയിലായത്. പരീക്ഷ മാറ്റിവയ്ക്കാനും രക്ഷാകർതൃ-അധ്യാപക മീറ്റിംഗ് റദ്ദാക്കാനും വേണ്ടിയാണ് രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക