സൗദി വിമാനത്താവളത്തിലിറങ്ങിയ 43 ദിവസം മാത്രം പ്രായമുള്ള ഇന്ത്യൻ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചതായി എയർപോർട്ട് മെഡിക്കൽ സംഘം.

സൌദി വിമാനത്താവളത്തിലെത്തിയ ഇന്ത്യൻ കുഞ്ഞിൻ്റെ ജീവൻ രക്ഷിച്ചതായി വിമാനത്താവളത്തിലെ ഹെൽത്ത് കൺട്രോൾ സെന്ററിലെ മെഡിക്കൽ സംഘം അറിയിച്ചു.

43 ദിവസം മാത്രമായിരുന്നു കുഞ്ഞിൻ്റെ പ്രായം. ബഹറൈനിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനത്തിൽ രക്ഷിതാക്കളോടൊപ്പം ഖസീമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായിരുന്നു ഇവർ. വിമാനം ഇറങ്ങിയ ഉടനെ കുഞ്ഞിന് ശ്വാസ തടസ്സവും ശർദ്ദിയും അനുഭവപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലിറങ്ങിയ ഉടനെ മെഡിക്കൽ സംഘം കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.

വിമാനത്താവളത്തിലെ മെഡിക്കൽ കേന്ദ്രത്തിൽ വെച്ച് കുഞ്ഞിന് പ്രഥമശുശ്രൂഷ നൽകി. കാർഡിയോപൾമോണറി പുനർ-ഉത്തേജനം നടത്തി, സ്രവങ്ങൾ വലിച്ചെടുത്ത് ശ്വാസനാളം തുറന്നു.  ഇതോടെ കുഞ്ഞ് പ്രതികരിക്കാൻ തുടങ്ങിയെന്നും സാധാരണ നിലയിലെത്തിയെന്നും മെഡിക്കൽ സംഘം അറിയിച്ചു.

കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച് സാധാരണ നിലയിലായതിനെ തുടർന്ന് രക്ഷിതാക്കൾക്കൊപ്പം മെഡിക്കൽ കേന്ദ്രത്തിൽ നിന്ന് പോകാനായെന്നും, ആരോഗ്യ നില പൂർണ തൃപ്തികരമാണെന്നും അധികൃതർ വ്യക്തമാക്കി.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!