സൗദിയിലെ ഇന്ത്യൻ നിക്ഷേപം ഉയർന്നു, ഇന്ത്യൻ പ്രവാസികളുടെ വൈദഗ്ധ്യവും പ്രധാനഘടകം. സൗദിയിൽ ഇന്ത്യൻ സാംസ്‌കാരിക കേന്ദ്രത്തെ കുറിച്ച് ആലോചിക്കും – ഡോ. എസ്. ജയശങ്കർ
സൗദി അറേബ്യയില്‍ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കണമെന്ന ഇന്ത്യൻ സമൂഹത്തിൻ്റെ ആവശ്യത്തോട് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ അനുകൂലമായി പ്രതികരിച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി സൌദിയിലെത്തിയ മന്ത്രി റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ശനിയാഴ്ച വൈകീട്ട് ഇന്ത്യൻ സമൂഹവുമായി സംവദിക്കുന്നതിനിടെയാണ് പ്രവാസികൾ ആവശ്യം ഉന്നയിച്ചത്. സാംസ്കാരിക കേന്ദ്രമെന്ന ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി മറപടിയിൽ പറഞ്ഞു.
കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ.സി.സി.ആര്‍) മേല്‍നോട്ടത്തില്‍ നിലവിൽ 38 രാജ്യങ്ങളിൽ ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിലവിലുണ്ടെന്ന് ഇന്ത്യൻ സമൂഹം മന്ത്രിക്ക് മുന്നിൽ ചൂണ്ടിക്കാട്ടി. 51 രാജ്യങ്ങളില്‍ ഇന്ത്യന്‍ ചെയറുകളും (സെന്റര്‍ ഫോര്‍ എക്‌സലന്‍സ്) ഐ.സി.സി.ആറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇന്ത്യന്‍ പാരമ്പര്യ കലകള്‍, സംഗീതം, നൃത്തങ്ങള്‍, വാദ്യകലകള്‍, യോഗ തുടങ്ങിയവ അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകര്‍, അതിനുള്ള സംവിധാനങ്ങളും ഹാളുകളും, അവതരിപ്പിക്കാനുള്ള വേദികള്‍, ഇന്ത്യയില്‍നിന്നും വിവിധ കലാകാരന്മാരെയും മറ്റും സൗദിയിലെത്തിച്ച് പരിപാടികള്‍ നടത്താനുള്ള ബൃഹത്തായ പദ്ധതികളാണ് ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ പരിധിയില്‍ വരുന്നത്.
ഇന്ത്യന്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കപ്പെട്ടാല്‍ ഇന്തോ-സൗദി നയതന്ത്ര രംഗങ്ങളിലും, കലാ-സാംസ്‌കാരിക ഉഭയ സഹകരണത്തിലും വലിയ കുതിച്ചുചാട്ടത്തിന് തുടക്കമിടും. ഇരു രാജ്യങ്ങളുടെയും സാംസ്‌കാരിക വിനിമയം എളുപ്പമാകും.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് സൌദി അറേബ്യയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ ശനിയാഴ്ച രാത്രി റിയാദിലെ ദറഇയ ഗേറ്റ് വികസന അതോറിറ്റി പദ്ധതി മേഖല സന്ദര്‍ശിച്ചു. സൗദി അറേബ്യയുടെ പൗരാണിക ഭരണസിരാകേന്ദ്രമായിരുന്ന ദറഇയ ചരിത്രനഗരത്തിന്റെ സംരക്ഷണത്തിന് രൂപവത്കരിച്ച അതോറിറ്റിയാണ് ദറഇയ ഗേറ്റ്. നഗരത്തില്‍ പ്രവേശിച്ച മന്ത്രിക്ക് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉപദേശകന്‍ അബ്ദുല്ല അല്‍-ഗാനം പദ്ധതിയെയും ചരിത്രനഗരത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെയും കുറിച്ച് വിശദീകരിച്ചുകൊടുത്തു.
തുടർന്ന് ഡോ. എസ്. ജയശങ്കര്‍ അതോറിറ്റി അധികൃതര്‍ക്കും ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം സല്‍വ കൊട്ടാരവും ദറഇയ ഗാലറിയും ത്രീഡി മാപ്പിങ് ഷോയും കണ്ടു. മന്ത്രിയെന്ന നിലയില്‍ സൗദിയിലെ ആദ്യ ഔദ്യോഗിക പര്യടനത്തിന് തുടക്കമിട്ട് ശനിയാഴ്ച രാവിലെ റിയാദിലെത്തിയ ഡോ. എസ്. ജയശങ്കര്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) ആസ്ഥാനം സന്ദര്‍ശിക്കുകയും സെക്രട്ടറി ജനറല്‍ ഡോ. നാഇഫ് ഫലാഹ് മുബാറക് അല്‍-ഹജ്‌റഫുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
നിലവിലെ പ്രാദേശിക, ആഗോള സാഹചര്യങ്ങളെക്കുറിച്ചും അത്തരം സന്ദര്‍ഭത്തില്‍ ഇന്ത്യ-ജി.സി.സി സഹകരണത്തിന്റെ പ്രസക്തിയെക്കുറിച്ചും വീക്ഷണങ്ങള്‍ പരസ്പരം കൈമാറി. തുടര്‍ന്ന് ഇന്ത്യയും ജി.സി.സിയും തമ്മിലുള്ള കൂടിയാലോചനകളുടെ യാന്ത്രികഘടന സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
ഊർജരംഗത്തു നിർണായക ശക്തിയായ സൗദി അറേബ്യയ്ക്ക് ആഗോള സമ്പദ്‌വ്യവസ്ഥയിൽ പ്രധാന പങ്കുണ്ടെന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ പ്രധാന സാമ്പത്തിക പങ്കാളിയാണു സൗദി അറേബ്യ. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4286 കോടി ഡോളറിന്റെ വ്യാപാരമാണു നടന്നത്.
നിക്ഷേപ രംഗത്തും വൻ വർധനയുണ്ട്. 315 കോടി ഡോളർ നിക്ഷേപവുമായി ഇന്ത്യയിലെ 18-ാമത്തെ ഏറ്റവും വലിയ നിക്ഷേപകരാണു സൗദി എന്നും സൂചിപ്പിച്ചു. തന്ത്രപ്രധാന പങ്കാളിത്ത കൗൺസിൽ രൂപീകരിച്ചതിനുശേഷം ഇന്ത്യയുടെ ഡിജിറ്റൽ, റീട്ടെയ്ൽ മേഖലകളിൽ സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) 280 കോടി ഡോളർ നിക്ഷേപിച്ചു.
ഐടി, നിർമാണം, ഹോസ്പിറ്റാലിറ്റി, ഗതാഗതം തുടങ്ങിയ വിവിധ മേഖലകളിലായി സൗദി അറേബ്യയിലെ ഇന്ത്യൻ നിക്ഷേപങ്ങളും 200 കോടി ഡോളറിലേക്ക് ഉയർന്നതായും മന്ത്രി സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളും പരസ്പരമുള്ള നിക്ഷേപങ്ങളിലൂടെ മാത്രമല്ല, ഇന്ത്യയുടെ വൈദഗ്ധ്യമുള്ള മനുഷ്യവിഭവശേഷി ഒരു പ്രധാന ഘടകമാണ്. ഇക്കാര്യത്തിൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിന് കീഴിലുള്ള സമ്പദ് വ്യവസ്ഥയും നിക്ഷേപവും സംബന്ധിച്ച കമ്മിറ്റി ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന് ഉത്തേജകമായി പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക