‘കേരളത്തിൽ സ്വാധീനമുണ്ടാക്കാൻ ബിജെപിക്ക് കഴിയുന്നില്ല’, ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാനാകുന്നില്ല: ബിജെപി റിപ്പോർട്ട്
കേരളത്തില്‍ ക്രൈസ്തവ വോട്ട് ബാങ്കിനെ സ്വാധീനിക്കാന്‍ ബിജെപിയ്ക്ക് കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട്. കേരളം സന്ദര്‍ശിച്ച കേന്ദ്രമന്ത്രിമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിമര്‍ശനം. ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാന്‍ അനുകൂല അന്തരീക്ഷമുണ്ടെങ്കിലും സാധിക്കുന്നില്ലെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
സംസ്ഥാനത്തെ സംഘടനാ പ്രവർത്തനം മോശമാണെന്നും കേരളം സന്ദർശിച്ച കേന്ദ്ര മന്ത്രിമാർ ദേശീയ നേതൃത്വത്തിന് നൽകിയ റിപ്പോർട്ടിൽ വിമർശനമുണ്ട്. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അവകാശവാദങ്ങളെ തള്ളുന്നതാണ് കേന്ദ്ര മന്ത്രിമാരുടെ റിപ്പോർട്ട്.കേരളത്തിൽ ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ അനുകൂല അന്തരീക്ഷമെങ്കിലും നേതൃത്വത്തിന് അതിന് സാധിക്കുന്നില്ല എന്നാണ് പ്രധാന വിമർശനം.
മറ്റു പാർട്ടികളിൽ നിന്ന് പലരും ബിജെപിയിലേക്ക് എത്താൻ ആഗ്രഹിക്കുന്നുവെങ്കിലും അവരെ കൊണ്ടുവരാൻ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തമിഴ്നാട്ടിലും തെലങ്കാനയിലും കേരളത്തിലെക്കാൾ പ്രതികൂല അന്തരീക്ഷമാണെങ്കിലും സംഘടനാ സംവിധാനം മെച്ചപ്പെട്ട നിലയിൽ നടക്കുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉണ്ടായിരുന്നിട്ടും, പരാജയപ്പെട്ട 144 ലോക്സഭാ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ നേരിട്ട് സന്ദർശനം നടത്തി തയാറാക്കിയ റിപ്പോർട്ട്, ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഉൾപ്പെട്ട സമിതി പരിശോധിച്ചിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ എന്നീ ലോക്സഭാ മണ്ഡലങ്ങളാണ് കേരളത്തിൽനിന്ന് പരിഗണനയ്ക്കു വന്നത്. ഒക്ടോബർ മുതൽ ജനുവരി മുതലുള്ള കാലയളവിൽ ഈ 144 ലോകസ്ഭാ മണ്ഡലങ്ങളിലും കേന്ദ്രമന്ത്രിമാർ വീണ്ടും സന്ദർശനം നടത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക