കോഴിയിറച്ചിയിലെ ഉൽപാദന തിയതിയിൽ മാറ്റം വരുത്തി വിൽപ്പന നടത്തി; പ്രമുഖ കോഴി കമ്പനിക്ക് പിഴ ചുമത്തി
ഉൽപാദന തിയതിയിൽ മാറ്റം വരുത്തി വിൽപ്പന നടത്തിയതിന് കോഴി വളർത്തു കേന്ദ്രത്തിന് വാണിജ്യ മന്ത്രാലയം പിഴ ചുമത്തി. പിഴ ചുമത്തിയ അധികൃതരുടെ തീരുമാനത്തിനെതിരെ കോഴി വളർത്തു കമ്പനി നൽകിയ പരാതി ഗ്രീവൻസ് ബോർഡ് തള്ളി. കടകളിലെ റഫ്രിജറേറ്ററിൽ വിൽപ്പനക്ക് വെച്ച കോഴിയിറച്ചിയിൽ തിയതി തെറ്റായി കണ്ടെതിനെ തുടർന്ന് കൂടുതൽ പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പിഴ ചുമത്തിയത്.
വിശദമായ പരിശോധനയിൽ കോഴിയിറച്ചികളിലെ ഉൽപാദന തിയതി തെറ്റായാണ് രേഖപ്പെടുത്തിയതെന്നും, കോഴി ഫാമിൽ മൃഗഡോക്ടറെ നിയമിച്ചിട്ടില്ലെന്നും കണ്ടെത്തുകയായിരുന്നു. ഇതിനെതിരെയാണ് കോഴി കമ്പനിക്ക് അധികൃതർ പിഴ ചുമത്തിയിരുന്നത്. ഈ കേസ് റദ്ധാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കമ്പനി പരാതി നൽകിയിരുന്നത്.
എന്നാൽ ഹരജിക്കാരനായ കമ്പനി പിഴ ചുമത്താനുണ്ടായ കാരണങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. അതേ സമയം പിഴ ചമുത്തുന്നതിന് മുമ്പ് തങ്ങൾക്ക് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് കമ്പനി വാദിച്ചു. എന്നാൽ നിയമലംഘന റിപ്പോർട്ട് പ്രകാരം വളരെ ഗൌരവമേറിയ നിയമ ലംഘനമാണിത്. ഇത്തരം ഗുരുതരമായ നിയമ ലംഘനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ട ആവശ്യമില്ലെന്ന് കമ്പനിയുടെ പരാതി തള്ളി കൊണ്ട് കോടതി വ്യക്തമാക്കി.
മുന്നറിയിപ്പ് നൽകാതെ കോഴി കമ്പനിക്ക് പിഴ ചുമത്തിയ കാര്യം അധികൃതരുടെ വിവേചനാധികാരമാണെന്നും കോടതി വിശദീകരിച്ചു.
വാണിജ്യ മന്ത്രാലയത്തിലെ സ്പെഷ്യലൈസ്ഡ് സൂപ്പർവൈസറി ടീമുകൾ, ഒരു പരിശോധനാ പര്യടനത്തിനിടെയാണ് ഒരു കമ്പനിയുടെ കോഴിയിറച്ചിയിൽ ഉൽപാദന തീയതികളിൽ കൃത്രിമം കാണിച്ചതായി കണ്ടെത്തിയത്. ഇതിനെ തുടർന്ന് കമ്പനിയിൽ പരിശോധന നടത്തുകയും മൃഗഡോക്ടറെ നിയമിക്കാത്തതുൾപ്പെടെയുള്ള നിയമ ലംഘനങ്ങൾ കണ്ടെത്തുകയുമായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക