സഹോദരിയെ അടിച്ചു വീഴ്ത്തി; പതിനാലുകാരനെ തമിഴ്‌‌സംഘം തട്ടിക്കൊണ്ടുപോയി; അതിർത്തി കടക്കുന്നതിന് 100 മീറ്റർ മുമ്പ് പൊലീസ് പിടികൂടി

കൊല്ലത്ത് മാതാപിതാക്കളില്ലാത്ത സമയത്ത് വീട്ടിൽ അതിക്രമിച്ചു കടന്ന് 14 വയസ്സുകാരനെ തമിഴ്നാട് സംഘം തട്ടിക്കൊണ്ടുപോയി. കെ‍ാട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദിന്റെ മകൻ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകിട്ട് 6.30ന് രണ്ട് കാറുകളിലായെത്തിയ തമിഴ്നാട് സ്വദേശികൾ അടങ്ങുന്ന ആറംഗ സംഘം റാഞ്ചിയത്. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും സംഘം അടിച്ചു വീഴ്ത്തി.

മാതാപിതാക്കള്‍ പുറത്തുപോയ സമയം, വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ആഷിക്കിനെ പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സംഭവസമയം ആഷിക്കും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും ആക്രമിച്ച ശേഷമാണ് ആഷിക്കിനെ തട്ടിക്കൊണ്ടുപോയത്. തട്ടികൊണ്ട് പോകുന്നത് കണ്ട് തടയാൻ ശ്രമിച്ച അയൽവാസിയേയും സംഘം അടിച്ചു വീഴ്ത്തി.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ ദ്രുതനീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ സംഘത്തെ തടഞ്ഞു; അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിച്ചു. തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലേക്ക് പ്രവേശിക്കുന്നതിന് വെറും 100 മീറ്റർ മുൻപാണ് സംഘത്തെ തടഞ്ഞത്.

എന്നാൽ വീട്ടില്‍നിന്ന് 14-കാരനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത് കുട്ടിയുടെ ബന്ധുതന്നെയാണെന്ന് പോലീസ് വ്യക്തമാക്കി. കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കമാണ് ക്വട്ടേഷന്‍ തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പോലീസ് പറഞ്ഞു. 2019-ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍നിന്ന് പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതിരുന്നതിനാലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കിയത്. ഒരുലക്ഷം രൂപയായിരുന്നു ക്വട്ടേഷന്‍ തുകയെന്നും പോലീസ് പറഞ്ഞു.

തമിഴ്നാട് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്താണ് മകൻ പഠിക്കുന്നത്. കുട്ടിയെ മാർത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു ലക്ഷ്യം. ക്വട്ടേഷൻ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. കന്യാകുമാരി കാട്ടാത്തുറ തെക്കയിൽ പുലയൻവിളയിൽ ബിജു (30) ആണ് പിടിയിലായത്. പൊലീസിനെ കണ്ട് ഓടിയ ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു. സംഘം സഞ്ചരിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് നടത്തിയ തിരച്ചിലില്‍ പാറശാല കോഴിവിളക്കു സമീപം സംഘത്തെ തടഞ്ഞ്, അബോധാവസ്ഥയിലായിരുന്ന കുട്ടിയെ മോചിപ്പിക്കുകയായിരുന്നു.

പെ‍ാലീസ് ജീപ്പ് പിന്തുടർന്നതോടെ ഇട റോഡ് വഴി പട്യക്കാലയിൽ എത്തിയ സംഘം കാർ ഉപേക്ഷിച്ചിരുന്നു. കാറിന്റെ മുൻഭാഗം ഇടിച്ചു തകർന്ന നിലയിലായിരുന്നു. സമീപ ജംക്‌ഷനിൽ നടന്നെത്തിയ സംഘം ഇവിടെനിന്ന് ഓട്ടോ പിടിച്ചാണ് പിന്നീട് പോയത്. ഓട്ടോയിൽ ആഷിക്കും ബിജുവും മറ്റൊരാളുമാണ് ഉണ്ടായിരുന്നത്. ഓട്ടോ തടഞ്ഞാണ് പൊലീസ് കുട്ടിയെ മോചിപ്പിച്ചത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!