രണ്ട് മാസം മുമ്പ് സൗദിയിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: സൗദി അറേബ്യയില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം രണ്ട് മാസത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മദ്ധ്യ പ്രവിശ്യയിലെ ബിഷയിൽ രണ്ടു മാസം മുമ്പ് ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കൊല്ലം കൊട്ടാരക്കര വെട്ടിക്കവല സ്വദേശി സാംബശിവന്റെ മൃതദേഹം ഇന്നലെ ബിഷയിൽ നിന്ന് ജിദ്ദ – ബഹ്‌റൈൻ വഴി തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇരുപത് വർഷമായി സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ മേഖലയിൽ ജോലി ചെയ്‍തു വരികയായിരുന്നു സാംബശിവൻ. മരണാനന്തര നിയമ നടപടികള്‍ പൂർത്തിയാക്കാൻ വേണ്ടി ബിഷയിലെ സാമൂഹിക പ്രവർത്തകനും സി.സി.ഡബ്ല്യു.എ മെമ്പറുമായ അബ്ദുൽ അസീസ് പാതിപറമ്പനെ സാംബശിവന്റെ കുടുംബം ചുമതലപ്പെടുത്തുകയായിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കാൻ വൈകിയത് സ്‌പോൺസറുടെ സഹകരണക്കുറവ് മൂലമാണെന്ന് സാമൂഹിക പ്രവർത്തകർ പറഞ്ഞു. നിയമ നടപടി പൂർത്തീകരിക്കാൻ വേണ്ടി ബിഷയിലെ മറ്റു സാമൂഹിക പ്രവർത്തകരായ അബ്ദുൽ ലത്തീഫ് കരാട്ടുചാലി മൊറയൂർ, ജോസ് കാരാകുർശ്ശി, ജസ്റ്റിൻ ബിജു എന്നിവരും സഹായത്തിനുണ്ടായിരുന്നു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക