മലയാളി പ്രവാസി മദീനയിൽ വാഹനപകടത്തിൽ മരിച്ചു; സന്ദർശന വിസയിലെത്തിയ കുടുംബത്തിനടുത്തേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം
മദീനയിൽ മലയാളി പ്രവാസി വാഹനപകടത്തിൽ മരിച്ചു. പാലക്കാട് കല്ലടിക്കോട് കാഞ്ഞിറാണി സ്വദേശി കറുപ്പൻ വീട്ടിൽ ഷാനവാസ് (44) ആണ് മരിച്ചത്. ഇന്ന് (ചൊവ്വാഴ്ച) പുലർച്ചെയുണ്ടായ വാഹനപകടത്തെ തുടർന്നായിരുന്നു മരണം. ലൈസ് ചിപ്സ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്ത് വരികയായിരുന്ന ഷാനവാസ് ജോലി കഴിഞ്ഞ ശേഷം ഫ്ലാറ്റിലേക്ക് പോകും വഴിയായിരുന്നു അപകടമുണ്ടായത്. മദീന ടൌണിൽ നിന്നും ഏകദേശം 70 കിലോമീറ്റർ അകലെവെച്ച് ഇദ്ദേഹം ഓടിച്ചിരുന്ന സെയിൽസ് വാൻ ട്രൈലറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ മദീനയിലെ സൌദി ജർമ്മൻ ആശുപത്രിയിൽ പ്രേവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതേ സമയം ഭർത്താവിന് അപകടം സംഭവിച്ചതറിയാതെ മദീനയിലെ ഫ്ലാറ്റിൽ കഴിയുകയായിരുന്നു ഭാര്യയും രണ്ട് മക്കളും. അടുത്തിടെയാണ് കുടുംബം സന്ദർശന വിസയിലെത്തിയതെന്ന് സാമുഹിക പ്രവർത്തകനായ നിസാർ കരുനാഗപ്പള്ളി മലയാളം ന്യൂസ് ഡെസ്കിനോട് പറഞ്ഞു.
കറുപ്പൻവീട്ടിൽ സിദ്ധീഖ് ആസ്യ ദമ്പതികളുടെ മകനാണ് ഷാനവാസ്. സജിനയാണ് ഭാര്യ. സലിം, സഹൽ,സയാൻ എന്നീ മൂന്ന് മക്കളുണ്ട്. ഇവരിൽ രണ്ട് പേരാണ് ഇപ്പോൾ ഭാര്യയോടൊപ്പം മദീനയിലുള്ളത്. മൂത്ത മകൻ സലീം പഠനാവശ്യത്തിനായി നാട്ടിലാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മദീനയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാമൂഹിക പ്രവർത്തകരായ ശരീഫ് കാസർകോട്, നിസാർ കരുനാഗപ്പള്ളി, അഷ്‌റഫ് ചൊക്ലി, നജീബ് പത്തനംതിട്ട എന്നിവർ നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനായി രംഗത്തുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക