‘സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുത്, സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണി, കാപ്പന് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ട്’-യു.പി സര്‍ക്കാര്‍ കോടതിയിൽ

യു.എ.പി.എ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിക്കരുതെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയാണെന്ന് വ്യക്തമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു.

രാജ്യവ്യാപകമായി വര്‍ഗീയ സംഘര്‍ഷങ്ങളും ഭീകരതയും വളര്‍ത്തുന്നതിന് നടന്ന ഗൂഡലോചനയുടെ ഭാഗമാണ് സിദ്ദീഖ് കാപ്പനെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിദ്ദീഖ് കാപ്പനെതിരേ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്നാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതില്‍ ഒരു സാക്ഷി ബിഹാറില്‍ താമസിക്കുന്ന മാധ്യമ പ്രവര്‍ത്തകനാണ്.

ജീവന് ഭീഷണിയുള്ളതിനാല്‍ ഈ മാധ്യമ പ്രവര്‍ത്തകന്‍ നേരിട്ട് നല്‍കുന്നതിന് പകരം ഇ-മെയിലിലൂടെ ആണ് മൊഴി അയച്ച് നല്‍കിയത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ 207-ാം വകുപ്പ് പ്രകാരം ഈ മൊഴിയുടെ പകര്‍പ്പ് കാപ്പന് നല്‍കി. സിദ്ദീഖ് കാപ്പന്റെ ഭാര്യ ഉള്‍പ്പടെ ഈ മൊഴി പരസ്യപ്പെടുത്തിയെന്ന് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. തുടര്‍ന്ന് രൂക്ഷമായ സൈബര്‍ ആക്രമണമാണ് മാധ്യമ പ്രവര്‍ത്തകന് എതിരെ ഉണ്ടായതെന്നും ഉത്തര്‍പ്രദേശ് പോലീസ് ആവശ്യപ്പെട്ട പ്രകാരം ബിഹാര്‍ പോലീസ് നിലവില്‍ മാധ്യമ പ്രവര്‍ത്തകന് മുഴുവന്‍ സമയ സുരക്ഷ നല്‍കുന്നുണ്ടെന്നും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

സിദ്ദീഖ് കാപ്പന് എതിരായ മൊഴി പിന്‍വലിക്കാന്‍ തനിക്ക് ഭീഷണിയും സമ്മര്‍ദ്ദവും ഉണ്ടെന്ന് വ്യക്തമാക്കി മാധ്യമ പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശ് ഡി.ജി.പിക്ക് നല്‍കിയ ഇ മെയില്‍ സന്ദേശത്തിന്റെ പകര്‍പ്പും സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിനൊപ്പം സുപ്രീംകോടതിക്ക് കൈമാറി

സിദ്ദീഖ് കാപ്പന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും യു.പി സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന് നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ യു.പി. സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ഹാഥറസിലേക്കുള്ള യാത്രയിൽ പോപ്പുലർ ഫ്രണ്ടിന്‍റെ പ്രതിനിധിയായാണ് കാപ്പൻ പോയത്. യാത്രയുടെ മുഴുവൻ ചെലവുകളും വഹിച്ചത് പോപ്പുലർ ഫ്രണ്ട് ആണ്. ഹാഥറസിലേക്ക് സംഘടനയുടെ അംഗങ്ങൾക്കൊപ്പമാണ് കാപ്പൻ പോയത്.

പോപ്പുലർ ഫ്രണ്ടിന്‍റെ മുഖപത്രമായിരുന്ന തേജസ് പത്രത്തിലെ മാധ്യമപ്രവർത്തകനായി വിദേശത്ത് പ്രവർത്തിച്ചിട്ടുണ്ട്. അറസ്റ്റിലായപ്പോൾ കാപ്പന്‍റെ കൈവശം നാല് തിരിച്ചറിയൽ കാർഡുകൾ ഉണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളും യു.പി സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍ തന്റെ അക്കൗണ്ടിലേക്ക് വന്ന 45,000 രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ സിദ്ദിഖ് കാപ്പന് കഴിഞ്ഞിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഭീകര പ്രവര്‍ത്തനം നടത്താന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ പണം ആണെന്ന് കേസിലെ മറ്റ് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് പോലീസ് അവകാശപ്പെടുന്നു.

സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വെള്ളിയാഴ്ച്ച പരിഗണിക്കും.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!