കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് മിൽക്ക് ഷെയ്ക്ക്; കോഴിക്കോട്ടെ ജ്യൂസ് സ്റ്റാളിനെതിരെ കേസെടുത്തു, ബീച്ചിലും പരിശോധന
കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് ഉണ്ടാക്കി വിൽപ്പന നടത്തിയ സംഭവത്തിൽ കേസെടുത്തു. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് നാര്‍ക്കോട്ടിക് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവിന്റെ കുരു ഓയില്‍ രൂപത്തിലാക്കി മില്‍ക്ക് ഷെയ്ക്കില്‍ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയത്. ജ്യൂസ് സ്റ്റാളില്‍ നിന്നും ഹെംബ് സീഡ് ഓയിലും (Hemp Seed Oil) കഞ്ചാവിന്റെ കുരുവും ചേര്‍ത്ത 200 മില്ലി ദ്രാവകം പിടികൂടി. സ്ഥാപനത്തിനെതിരേ മയക്കുമരുന്ന് നിയമപ്രകാരം കേസ് എടുത്തു.
സീഡ് ഓയില്‍ രാസപരിശോധനക്കായി കോഴിക്കോട് റീജിയണല്‍ കെമിക്കല്‍ ലാബില്‍ പരിശോധനക്കയച്ചു. പരിശോധനഫലം ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എന്‍.സുഗുണന്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്നാണ് കഞ്ചാവിന്റെ കുരു കൊണ്ടു വരുന്നത്. ഇത്തരത്തിലുളള കൂടുതല്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി എക്സൈസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ കൂടുതലായി ഈ സ്ഥാപനത്തില്‍ എത്തുന്നുണ്ടോയെന്നും എക്‌സൈസ് സംഘം നിരീക്ഷിച്ചു വരുന്നു. രാസപരിശോധനാ ഫലത്തിനു ശേഷം തുടര്‍പടപടികള്‍ സ്വീകരിക്കും.