തെരുവുനായയുടെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ 12-കാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം

പത്തനംതിട്ടയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. പത്തനംതിട്ട റാന്നി പെരുനാട് ചേർത്തലപ്പടി ഷീനാ ഭവനിൽ അഭിരാമി (12) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പേ വിഷബാധയ്ക്ക് എതിരെ 3 ഡോസ് വാക്സീൻ എടുത്തിട്ടും കുട്ടി അതീവ ഗുരുതരാവസ്ഥയിലാകുകയായിരുന്നു. തുടർന്നു വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ട ജനറൽ ആശുപത്രിയിലും സ്ഥിതി മോശമായതോടെ കോട്ടയത്തേക്കും മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.

ഓഗസ്റ്റ് 13ന് രാവിലെ പാലു വാങ്ങാൻ പോകുമ്പോഴാണ് അഭിരാമിയെ തെരുവുനായ ആക്രമിച്ചത്. വാഹനസൗകര്യം കുറവായ സ്ഥലത്തുനിന്ന് ബൈക്കിൽ കയറ്റിയാണ് കുട്ടിയെ 6 കിലോമീറ്ററോളം ദൂരെ പെരുനാട് കുടുംബാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത്. രാവിലെ 7.30 കഴിഞ്ഞപ്പോൾ എഫ്‌എച്ച്സിയിൽ എത്തിയെങ്കിലും ഡോക്ടറുള്ള സമയമായിരുന്നില്ല.

കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗത്തു കടിയേറ്റിരുന്നു. ഇതിൽ കണ്ണിന് സമീപത്തേത് ആഴത്തിലുള്ള മുറിവാണ്. തെരുവുനായ അരമണിക്കൂറോളം കുട്ടിയെ ആക്രമിച്ചു എന്നാണ് വിവരം. പല്ലിനു പുറമേ നഖം കൊണ്ടുള്ള മുറിവുകളും ഉണ്ടായിട്ടുണ്ട്. ഏഴ് മുറിവുകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. കരച്ചില്‍കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയുടെ കണ്ണില്‍ മണ്ണുവാരിയിട്ട് കുട്ടിയെ രക്ഷിച്ചത്. കടിയേറ്റ ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് പത്തനംതിട്ട ആശുപത്രിയിലും എത്തിച്ചു. ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഭിരാമിക്ക് ആദ്യഡോസ് വാക്സിനും ഹീമോഗ്ലോബിനും നല്‍കി. രണ്ടുദിവസത്തെ കിടത്തിച്ചികില്‍സയ്ക്കുശേഷം 15-ന് വിട്ടിലേയ്ക്ക് അയച്ചു.

തുടര്‍ന്ന് മൂന്നാംദിവസവും ഏഴാംദിവസവും പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍നിന്ന് പ്രതിരോധ കുത്തിവെയ്‌പെടുത്തു. ചികിത്സയും കുത്തിവെയ്പുകളും നടക്കുന്നതിനിടെയാണ് ശാരീരികപ്രശ്നങ്ങൾ ഉണ്ടായത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സകൾ നടത്തി. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ചികിത്സക്കായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പേ വിഷബാധ ഉണ്ടോ എന്ന് അറിയുന്നതിനു പുണെ വൈറോളജി ലാബിലേക്കും തിരുവനന്തപുരത്തെ സർക്കാർ ലാബിലേക്കും സാംപിൾ അയക്കുകയും ചെയ്തിരുന്നു.

എന്നാൽ വിദ്യാർഥിനി മരിച്ചത് വേണ്ടത്ര ചികിത്സ നൽകാത്തതുകൊണ്ടെന്ന് കുടുംബം ആരോപിച്ചു. ആശുപത്രിയിൽ പരിമിതികളുണ്ടെന്ന് ജീവനക്കാര്‍ പറ‍ഞ്ഞെന്നും മാതാപിതാക്കള്‍ പറഞ്ഞു. ‘‘കുത്തിവയ്പ് എടുത്തതുകൊണ്ടാണ് കുട്ടി മയങ്ങി കിടക്കുന്നതെന്നാണ് ആശുപത്രിയിൽനിന്ന് പറ‍ഞ്ഞത്. ഇതിനു വേണ്ടി പ്രത്യേക മരുന്നില്ലെന്നും പറഞ്ഞു. ഞങ്ങളുടെ കുഞ്ഞിന്റെ പാർട്സുകൾ മൊത്തം വാക്സീൻ കമ്പനിക്കാർ കൊണ്ടുപോയെന്നാണ് എന്റെ വിശ്വാസം. ഇങ്ങനെ കളഞ്ഞല്ലോ എന്റെ കുഞ്ഞിനെ..എന്നാലും അവിടെനിന്ന് ഇവിടെവരെ വന്നതാണല്ലോ.. 12 വയസ്സു വരെ പൊന്നുപോലെ കൊണ്ടുനടന്നതാ..’’– അഭിരാമിയുടെ മാതാപിതാക്കൾ പറഞ്ഞു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!