ഇന്ന് മുതൽ പുതിയ വിസ നിയമം; വിദ്യാർഥികൾക്ക് മികച്ച അവസരം, പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും അവസരം

ഇന്നു മുതൽ പ്രാബല്യത്തിലാകുന്ന യുഎഇയുടെ പുതിയ വിസ നിയമം വിദ്യാർഥികൾക്ക് നിരവധി അവസരങ്ങളാണ് നൽകുന്നത്. ആൺകുട്ടികളെ 25 വയസ്സുവരെയും പെൺമക്കളെയും ഭിന്നശേഷിക്കാരെയും പ്രായപരിധി പരിഗണിക്കാതെയും സ്പോൺസർ ചെയ്യാമെന്ന തീരുമാനം പഠനത്തോടൊപ്പം അനുയോജ്യമായ ജോലി കണ്ടെത്താനും സഹായിക്കും.

നിലവിൽ ആൺകുട്ടികൾക്ക് 18 വയസ്സുവരെ മാത്രമേ മാതാപിതാക്കളുടെ സ്പോൺസർഷിപ്പിൽ നിൽക്കാൻ സാധിച്ചിരുന്നുള്ളൂ. ഇതുമൂലം 18 കഴിഞ്ഞ ആൺമക്കളെ മറ്റേതെങ്കിലും വീസയിലേക്കു മാറ്റുകയോ അല്ലെങ്കിൽ 4000 ദിർഹം കെട്ടിവച്ച് ഒരു വർഷ കാലാവധിയുള്ള സ്റ്റുഡൻസ് വീസ എടുത്ത് വർഷം തോറും പുതുക്കുകയോ ചെയ്തുവരികയായിരുന്നു. ഇതു രക്ഷിതാക്കൾക്ക് സാമ്പത്തിക, മാനസിക പ്രയാസം സൃഷ്ടിച്ചിരുന്നു. പുതിയ നിയമം അനുസരിച്ച് വിദേശ മാതൃകയിൽ പഠനവും ജോലിയും ഒരുമിച്ചുകൊണ്ടുവരാനാകും.

ഉന്നതവിദ്യാഭ്യാസത്തിന് വിദേശത്തേക്കു പോകുന്നത് തടയാനും പുതിയ നിയമം സഹായിക്കുന്നു. കുടുംബമായി ഇവിടെ താമസിച്ചിരുന്ന പലരും മക്കളുടെ പ്ലസ് ടു പൂർത്തിയാകുന്നതോടെ ഉന്നത വിദ്യാഭ്യാസത്തിനായി നാട്ടിലേക്കോ വിദേശത്തേക്കോ മാറുകയാണ് ചെയ്തിരുന്നത്. പുതിയ സാഹചര്യത്തിൽ ഇവിടെത്തന്നെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കി ജോലിയിൽ കയറാനുള്ള അവസരവും കൈവരുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നിർമിതബുദ്ധി, സൈബർ സെക്യൂരിറ്റി, ഗെയിമിങ് ആൻഡ് റോബട്ടിക്സ്, ഡേറ്റ അനാലിസിസ് തുടങ്ങി ഏറ്റവും പുതിയ ബിരുദ-ബിരുദാനന്തര കോഴ്സുകൾ ഉപയോഗപ്പെടുത്തി യുഎഇയിൽ തന്നെ ഉന്നതവിദ്യാഭ്യാസം നേടി ജോലിയിൽ കയറാനുള്ള സൗകര്യം നിലവിലുണ്ട്. ലോകത്തെ ഏറ്റവും മികച്ച സർവകലാശാലകളുടെയും കോളജുകളുടെയും സാന്നിധ്യം ഉന്നത വിദ്യാഭ്യാസത്തിന് വിദേശത്തേക്കു പോകുന്ന പ്രവണത കുറയ്ക്കും.

യുഎഇയിൽ ജോലി ചെയ്തുകൊണ്ടു തന്നെ വിദേശത്തെ ഓൺലൈൻ കോഴ്സുകളിൽ പഠനവും തുടരാം. സ്കൂൾ മുതൽ യൂണിവേഴ്സിറ്റി വരെ നൂതന പാഠ്യപദ്ധതികൾ അനുസരിച്ച് വാർത്തെടുത്ത മികച്ച വിദ്യാർഥികളുടെ സേവനം യുഎഇയിൽ ലഭ്യമാകുന്നത് രാജ്യത്തിനും ഗുണം ചെയ്യും. വ്യത്യസ്ത കഴിവുകളുള്ള കർമനിരതരായ യുവസമൂഹത്തെ വിവിധ മേഖലകളിൽ വ്യന്യസിക്കുന്നത് ഉൽപാദന ക്ഷമത കൂട്ടാനിടയാക്കുമെന്നും വിലയിരുത്തുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!