നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു

നടിയെ ആക്രമിച്ച കേസിലെ വിചാരണ കഴിവതും ജനുവരി 31-നകം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. വിചാരണ പൂര്‍ത്തിയാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. അതേസമയം, വിചാരണക്കോടതി ജഡ്ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ നടിയെ ആക്രമിച്ച കേസും ഞെട്ടിക്കുന്നതാണെന്നായിരുന്നു ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എം.എം. സുന്ദരേഷ് അഭിപ്രായപ്പെട്ടത്.

വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയം ഫെബ്രുവരി 22-ന് കഴിഞ്ഞിരുന്നു. വിചാരണ പൂര്‍ത്തിയാക്കാന്‍ ആറ് മാസത്തെ സമയം കൂടിയാണ് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് തേടിയത്. വിചാരണ ദൈനംദിനം നടത്തി എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതാണ് നല്ലതെന്ന് സുപ്രീംകോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, സംസ്ഥാന സര്‍ക്കാരും അതിജീവിതയും വിചാരണ വൈകിപ്പിക്കുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ആരോപിച്ചു. സര്‍ക്കാര്‍ നികൃഷ്ടമായ ആരോപണങ്ങള്‍ ആണ് വിചാരണ കോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നത്. വളരെ ഗൗരമേറിയ വിഷയമാണിതെന്നും മുകുള്‍ റോത്തഗി ആരോപിച്ചു. എന്നാല്‍ കേസും ഞെട്ടിപ്പിക്കുന്നതല്ലേയെന്ന് കോടതി ആരാഞ്ഞു. ആരോപണങ്ങള്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജീത് കുമാറും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും നിഷേധിച്ചു.

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി മറ്റന്നാള്‍ ഹൈക്കോടതി പരിഗണിക്കുകയാണെന്ന് അതിജീവിതയ്ക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്ത് കോടതിയെ അറിയിച്ചു. വിഷയം ഗൗരമേറിയതായതിനാല്‍ രഹസ്യവാദം കേള്‍ക്കലാണ് നടക്കുന്നത്. അതിനാല്‍, സുപ്രീംകോടതി ഇക്കാര്യംകൂടി കണക്കിലെടുത്ത് മാത്രമേ ഉത്തരവ് ഇറക്കാവു എന്നും അതിജീവിത ആവശ്യപ്പെട്ടു.

എന്നാല്‍, ഇക്കാര്യങ്ങളൊക്കെ ഹൈക്കോടതി തീരുമാനിക്കട്ടെയെന്ന് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിചാരണ നടപടികളുടെ പുരോഗതി നാല് ആഴ്ചയ്ക്കകം അറിയിക്കാന്‍ വിചാരണക്കോടതി ജഡ്ജിയോട് സുപ്രീംകോടതി നിര്‍ദേശിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!