ഇന്ത്യ-യുഎഇ വിമാന സർവീസുകളിൽ വർധന; യാത്രക്കാരുടെ എണ്ണവും കൂടി
അബുദാബി: ഇന്ത്യക്കും യുഎഇക്കുമിടയിൽ ആഴ്ചയിൽ പറക്കുന്നത് 612 വിമാന സർവീസുകളെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. കഴിഞ്ഞവർഷം 35 ലക്ഷം ഇന്ത്യക്കാരാണ് യുഎഇ സന്ദർശിച്ചതെന്ന് മന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതൽ സർവീസുകൾ നടത്തിയത് എമിറേറ്റ്സാണ്. 170 എണ്ണം. രണ്ടാം സ്ഥാനത്തുള്ള എയർ അറേബ്യക്ക് 151 സർവീസാണുള്ളത്. ഇതിൽ 43 എണ്ണം അബുദാബിയിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസ് 91 സർവീസാണ് നടത്തുന്നത്. ഇത്തിഹാദ് (69), ഇൻഡിഗോ (60), ഫ്ലൈ ദുബായ് (30), ഗോ ഫസ്റ്റ് (24), എയർഇന്ത്യ (10), വിസ്താര (7) ഉം സർവീസുകളാണ് ഇന്ത്യയിലേക്ക് നടത്തുന്നത്
കഴിഞ്ഞവർഷം 58,000 യുഎഇ പൗരൻമാരാണ് ഇന്ത്യയിൽ എത്തിയത്. 346 ഇന്ത്യൻ കമ്പനികൾ യുഎഇയിലുണ്ട്. 138 യുഎഇ കമ്പനികളാണ് ഇന്ത്യയിലുള്ളത്. 2021ൽ ഇരുരാജ്യങ്ങൾക്കുമിടയിൽ എണ്ണ ഇതര വ്യാപാരം 44 ശതകോടി ഡോളറിലെത്തി. 2003 മുതൽ 60 ശതകോടി ഡോളറിന്റെ നിക്ഷേപമാണ് ഇരുരാജ്യങ്ങൾക്കും ഇടയിലുണ്ടായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.