ഹിന്ദു ഐക്യവേദി പ്രസിഡണ്ട് ശശികലക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കണം: ജിദ്ദ എസ്.ഐ.സി

ജിദ്ദ: മലപ്പുറം ജില്ല പഞ്ചായത്ത് വാരിയന്‍കുന്നന്‍ സ്മാരകം നിര്‍മിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി നടത്തിയ പരിപാടിയില്‍ പ്രസിഡന്റ് ശശികല നടത്തിയ വിദ്വേഷ പ്രസംഗം കലാപാഹ്വാനമാണെന്നും അതിഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ അതിനെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിക്കണമെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന സമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാന്‍ വേണ്ടി സംഘ്പരിവാര്‍ മനഃപൂര്‍വം വിദ്വേഷ പ്രസംഗവും പ്രകോപനവും സൃഷ്ടിക്കുകയാണെന്നും അതിനാല്‍ ഇതിനെതിരെ അധികൃതര്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും എസ് ഐ സി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാരിയന്‍കുന്നന്‍ സ്മാരകം നിര്‍മിക്കുന്നത് മലപ്പുറത്തെ ഹിന്ദുക്കളെ അവഹേളിക്കാനാണെന്ന പ്രസ്താവന തീര്‍ത്തും തെറ്റാണ്. ചരിത്ര പുരുഷന്മാര്‍ക്ക് സ്മാരകം പണിയുക എന്നത് മലപ്പുറത്ത് മാത്രമല്ല, എല്ലായിടത്തും ഉള്ളതാണ്. മത സൗഹര്‍ദ്ദത്തിലും പരസ്പര സ്‌നേഹത്തിലും മുസ്‌ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറം രാജ്യത്തിനു തന്നെ മാതൃകയാണ്.

ഇതുമായി ബന്ധപ്പെടുത്തി പാണക്കാട് സയ്യിദ് കുടുംബത്തെ അവഹേളിച്ചത് അങ്ങേയറ്റം അപലപനീയമാണ്. കേരളത്തിലെ വിവിധ ജന വിഭാഗങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്നതില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് തങ്ങള്‍ കുടുംബം നിര്‍വഹിച്ച പങ്ക് വളരെ വലുതാണ്. കേരളത്തിന്റെ സവിശേഷമായ സാമുദായിക സൗഹൃദം നിലനിര്‍ത്തുന്നതില്‍ പൂര്‍വ്വീകരായ മമ്പുറം തങ്ങള്‍, ബഫഖി തങ്ങള്‍ ഉള്‍പ്പെടെയുള്ള സയ്യിദുമാര്‍ വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.

പരസ്യമായി വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തി നാട്ടില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദവും മൈത്രിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശശികല ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്തണമെന്നും നിയമം നടപ്പാക്കുന്നതില്‍ അധികൃതര്‍ ന്യൂനപക്ഷ- ഭൂരിപക്ഷ വിവേചനം കാണിക്കാന്‍ പാടില്ലെന്നും ജിദ്ദ എസ്.ഐ.സി പ്രസിഡന്റ് സയ്യിദ് അന്‍വര്‍ തങ്ങള്‍ കല്‍പകഞ്ചേരി, ജനറല്‍ സെക്രട്ടറി അബൂബക്കര്‍ ദാരിമി ആലമ്പാടി, ട്രഷറര്‍ മൊയ്ദീന്‍കുട്ടി ഫൈസി പന്തല്ലൂര്‍, ചെയര്‍മാന്‍ നജ്മുദ്ദീന്‍ ഹുദവി കൊണ്ടോട്ടി എന്നിവര്‍ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!