മാസം തികയാത്ത ഗർഭിണിക്ക് സിസേറിയന്‍; അബദ്ധം മനസ്സിലാക്കി മുറിവ് തുന്നിക്കെട്ടി, ഡോക്ടർക്കെതിരേ പരാതി

ഗര്‍ഭകാലം പൂര്‍ത്തിയാകുന്നതിന് മൂന്നര മാസം ബാക്കിനില്‍ക്കെ അബദ്ധത്തില്‍ ഗർഭിണിയെ സിസേറിയന് വിധേയയാക്കിയതായി പരാതി. വളര്‍ച്ച പൂര്‍ത്തിയായില്ലെന്ന കാര്യം മനസിലായതോടെ ഗര്‍ഭിണിയുടെ വയര്‍ വീണ്ടും തുന്നിക്കെട്ടിയതായും പരാതിയില്‍ പറയുന്നു. അസമിലെ കരിംഗഞ്ജ് സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഓഗസ്റ്റ് 21 നാണ് ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ഗർഭിണിയായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തെ നിരീക്ഷണത്തിന് ശേഷം അള്‍ട്രാസൗണ്ട് സ്‌കാനിങ് പോലും നടത്താതെ ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍ നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ശസ്ത്രക്രിയ നടത്തിയപ്പോള്‍ കുഞ്ഞിന് വളർച്ചയെത്തിയില്ലെന്ന് മനസ്സിലായതോടെ മുറിവ് തുന്നിക്കെട്ടുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് യുവതിയുടെ ബന്ധുക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഓഗസ്റ്റ് 31-ന് യുവതിയെ ഡിസ്ചാര്‍ജും ചെയ്തു.

സംഭവം പുറത്തറിയാതിരിക്കാന്‍ യുവതിയുടെ കുടുംബാംഗങ്ങളെ ഡോക്ടര്‍ സ്വാധീനിക്കാന്‍ പരമാവധി ശ്രമിച്ചതായി പരാതിയിലുണ്ട്. ആശുപത്രിയില്‍ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ യുവതിയുടെ ആരോഗ്യനില വഷളാവുകയും അയല്‍വാസികളും ബന്ധുക്കളും വിവരമറിഞ്ഞതോടെ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കുകയുമായിരുന്നു.

യുവതിയെ ഇപ്പോള്‍ വീണ്ടും അതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ യുവതിയുടെ ഉദരത്തിലുള്ള കുഞ്ഞിന് അപകടമൊന്നുമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

പരാതി ലഭിച്ചതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അന്വേഷണറിപ്പോര്‍ട്ട് ലഭിച്ച ശേഷം ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ ഞായറാഴ്ച വ്യക്തമാക്കി. സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിന് പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് കമ്മിറ്റി വെള്ളിയാഴ്ച നല്‍കിയതായും റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് കൈമാറിയതായും അധികൃതര്‍ അറിയിച്ചു. അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!