വിവാഹാഭ്യർഥന നിരസിച്ചു; വിദ്യാർത്ഥിനിയെ യുവാവ് വെടിവെച്ചു കൊന്നു

ഈജിപ്തിൽ യുവാവ് വിദ്യാർത്ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തി. വിവാഹഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് യുവാവ് വിദ്യാർത്ഥിനിയെ പിറകിൽ നിന്ന് വെടിവെക്കുകയായിരുന്നു. മെനൗഫിയ ഗവർണറേറ്റിലെ തൗഖ് തൻബേഷ ഗ്രാമത്തിലാണ് സംഭവം.

ഫിസിക്കൽ എജ്യുക്കേഷൻ ഫാക്കൽറ്റിയിലെ അമാനി അബ്ദുൽ കരീം (19 വയസ്സ്) എന്ന വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. അതേ ഗ്രാമത്തിൽ താമസിച്ചിരുന്ന അഹമ്മദ് ഫാത്തി അമീറ (29) എന്ന യുവാവാണ് കൊലപാതകം നടത്തിയത്. 

ഗ്രാമത്തിലെ തൻ്റെ കുടുംബ വീടിന് മുന്നിൽ വെച്ചാണ് യുവാവ് യുവതിയെ വെടിവെച്ചത്. കൃത്യം നിർവഹിച്ച ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ ചേതനയറ്റ ശരീരം ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതിക്കായി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

കൊല്ലപ്പെട്ട പെൺകുട്ടി സൽസ്വഭാവിയായിരുന്നുവെന്നും, പഠനത്തിൽ മികവ് പുലർത്തിയിരുന്നതായും നിരവധി ഗ്രാമീണർ പറഞ്ഞു.

ഈജിപ്തിൽ വിവാഹാഭ്യർത്ഥന നിരസിച്ച സംഭവത്തിൽ വിദ്യാർത്ഥിനികൾ കൊല്ലപ്പെടുന്ന മൂന്നാമത്തെ സംഭവമാണിത്. മൻസൂറയിൽ യൂണിവേഴ്‌സിറ്റി ആസ്ഥാനത്തിന് മുന്നിൽ വെച്ച് വിദ്യാർത്ഥിനിയായ നൈറ അഷ്‌റഫിനെ സഹപാഠി കൊലപ്പെടുത്തിയ സംഭവവും, അൽ-ഷർഖിയയിൽ വിദ്യാർത്ഥിനിയായ സൽമ ബഹ്ഗതിനെ സഹപ്രവർത്തകൻ കൊലപ്പെടുത്തിയ സംഭവവും ഈയിടെയാണ് കഴിഞ്ഞത്. ഈ രണ്ട് സംഭവങ്ങൾക്കും ശേഷം സമാനമായ കാരണത്താൽ മൂന്നാമതൊരു വിദ്യാർത്ഥിനികൂടി കൊല്ലപ്പെട്ടതോടെ, ആശങ്കയിലാണ് ഗ്രാമവാസികൾ. 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!