ഫേസ്ബുക്കിൽ ഫോളോവേഴ്സിനെ കൂട്ടണം; ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ച് യുവാവ്
ഫേസ് ബുക്ക് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോളിനിടെ പകർത്തിയാണ് യുവാവ് പിന്നീട് ഫെയ്സ്ബുക്കിൽ പങ്കുവച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സമൂഹമാധ്യമങ്ങളിൽ സജീവമായ സന്ദീപ് എന്ന യുവാവാണ് ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ചത്. മൂന്നു വർഷം മുൻപാണ് സന്ദീപ് ഈ യുവതിയെ വിവാഹം ചെയ്തത്.
ഡൽഹിയിലെ ഉത്തം നഗറിൽ താമസിക്കുന്ന ഭർത്താവ് സർക്കസിലാണ് ജോലി ചെയ്യുന്നത്. പലപ്പോഴും തന്നെ വിഡിയോ കോൾ ചെയ്യാറുണ്ടെന്നും ഒരിക്കൽ കുളിക്കുമ്പോൾ കോൾ ചെയ്ത് വീഡിയോ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തുവെന്നും പരാതിക്കാരി പറഞ്ഞു. “എന്റെ ഭർത്താവ് ഒരു സോഷ്യൽ മീഡിയ അഡിക്റ്റാണ്, പക്ഷേ സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാൻ ഇത്ര മോശം ചെയ്യുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ദൃശ്യങ്ങൾ കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. ഉടൻ തന്നെ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് അത് നിരസിച്ചു’ -യുവതി പരാതിയിൽ പറയുന്നു.
ഫെയ്സ്ബുക്കിൽ കൂടുതൽ ഫോളോവേഴ്സിനെ കണ്ടെത്തുന്നതിനായി സന്ദീപ് ഈ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പങ്കുവയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ വിഡിയോ ശ്രദ്ധയിൽപ്പെട്ടയുടൻ നീക്കം ചെയ്യാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും സന്ദീപ് ചെവിക്കൊണ്ടില്ല. ഇതോടെ യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
ഭാര്യ പരാതി നൽകിയ വിവരമറിഞ്ഞതോടെ സന്ദീപ് ഈ വിഡിയോ നീക്കം ചെയ്തു. പിന്നീട് ഫെയ്സ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു. എന്നാൽ, അപ്പോഴേക്കും ഒട്ടേറെ ആളുകൾ ഈ വിഡിയോ കണ്ടിരുന്നുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് സൂപ്രണ്ട് റൺവിജയ് സിങ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ഭാര്യയുടെയും ഭർത്താവിന്റെയും വിശദമായ മൊഴി രേഖപ്പെടുത്തും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക