നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരൻ്റെ ബാഗിൽ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; പിടിയിലായത് വിമാനത്താവളത്തിലെ പോർട്ടർ

യാത്രക്കാരന്റെ സ്യൂട്ട്‌കേസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ദുബൈ വിമാനത്താവളത്തിലെ വിദേശിയായ ഒരു പോര്‍ട്ടര്‍ക്ക് മൂന്നു മാസം തടവും, 28,000 ദിർഹം പിഴയടക്കാനും ശിക്ഷ വിധിച്ചു. ആറ് മൊബൈല്‍ ഫോണുകളാണ് ഇയാള്‍ ഒരു യാത്രക്കാരന്റെ ബാഗില്‍ നിന്ന് മോഷ്ടിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ദുബൈ വിമാനത്താവളം വഴി സ്വദേശത്തേക്ക് പോകുകയായിരുന്ന യാത്രക്കാരന്റെ ഫോണുകളാണ് പോര്‍ട്ടര്‍ മോഷ്ടിച്ചത്. നാട്ടിലെത്തിയപ്പോഴാണ് ഫോണുകള്‍ മോഷണം പോയ വിവരം യാത്രക്കാരന്‍ അറിയുന്നത്. അവധിക്ക് ശേഷം തിരികെ ദുബൈയിലെത്തിയ ഇയാള്‍ ദുബൈ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കി. നഷ്ടമായ ഫോണുകളുടെ സീരിയല്‍ നമ്പര്‍ ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്.

തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പ്രതിയായ പോര്‍ട്ടറെ തിരിച്ചറിഞ്ഞു. പബ്ലിക് പ്രോസിക്യൂഷനില്‍ നിന്നുള്ള വാറന്റുമായി ഇയാളെ പിടികൂടാനെത്തിയ പൊലീസ് മോഷ്ടിക്കപ്പെട്ട ഫോണുകളിലൊന്നും സണ്‍ഗ്ലാസുകളും മറ്റ് വിലകൂടിയ വസ്തുക്കളും കണ്ടെത്തി. ഫോണുകള്‍ മോഷ്ടിച്ച് കടയില്‍ വിറ്റതായി പോര്‍ട്ടര്‍ സമ്മതിച്ചു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ മോഷണ കുറ്റം ചുമത്തുകയായിരുന്നു.

മോഷ്ടിച്ച ആറ് ഫോണുകളില്‍ അഞ്ചെണ്ണവും പോര്‍ട്ടര്‍ വിറ്റു. വിപണി വിലയുടെ പകുതിയിലും താഴെ വാങ്ങിയാണ് ഇയാള്‍ ഫോണുകള്‍ വിറ്റത്. 10,000 ദിര്‍ഹത്തിന് ഫോണുകള്‍ വിറ്റ ഇയാള്‍ ഈ പണം ഉപയോഗിച്ച് 5,000 ദിര്‍ഹത്തിന് സണ്‍ഗ്ലാസുകളും ബാക്കി പണത്തിന് മറ്റ് വിലകൂടിയ വസ്തുക്കളും വാങ്ങുകയായിരുന്നു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!