റോഡിന് നടുവില്‍ വാഹനം പെട്ടെന്ന് നിര്‍ത്തി; പിന്നെ നടന്നത് കൂട്ടയിടി- വീഡിയോ

റോഡിന് നടുവില്‍ പെട്ടെന്ന് വാഹനം നിര്‍ത്തിയതിന് പിന്നാലെ നടന്നത് കൂട്ടിയിടി. അബുദാബിയിലായിരുന്നു സംഭവം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു കാരണവശാലും യാത്രയ്ക്കിടെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് അബുദാബി പൊലീസ് ആവശ്യപ്പെട്ടു.

ബോധവത്കരണം ലക്ഷ്യമിട്ട് അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. റോഡിന്റെ മദ്ധ്യഭാഗത്തുള്ള ട്രാക്കിലൂടെ പോവുകയായിരുന്ന ഒരു സെഡാന്‍ കാറാണ് പെട്ടെന്ന് റോഡില്‍ അതേ ട്രാക്കില്‍ തന്നെ നിര്‍ത്തിയത്. പിന്നാലെ ഡ്രൈവര്‍ വാഹനത്തിന്റെ ഡോര്‍ തുറക്കുന്നതും കാണാം.  തൊട്ടുപിന്നാലെ ഇതേ ട്രാക്കിലൂടെ വന്ന ഒരു വാന്‍ കാറിന് പിന്നിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ വാന്‍, മറ്റൊരു കാറിലും റോഡ് ഷോള്‍ഡറില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു ബസിലും ഇടിച്ചു. അപകടത്തിന് കാരണമായി ആദ്യം റോഡിന് നടുവില്‍ നിര്‍ത്തിയ കാറിന് അപകടത്തില്‍ കാര്യമായ നാശനഷ്ടങ്ങളുണ്ടായതായും വീഡിയോയില്‍ കാണാം.

വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പെട്ടെന്ന് നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായാല്‍ തൊട്ടടുത്ത എക്സിറ്റ്  കണ്ടെത്തുകയാണ് ഡ്രൈവര്‍മാര്‍ ചെയ്യേണ്ടതെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. തെറ്റായ ഡ്രൈവിങ് ശീലങ്ങള്‍ കാരണമായുണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കാന്‍ അബുദാബി പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ വീഡിയോയും പുറത്തുവിട്ടിരിക്കുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

വീഡിയോ കാണാം…

Share
error: Content is protected !!