ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്ന വിദേശികള്‍ക്ക് സൌദി ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കും

റിയാദ്: ജി.സി.സി രാജ്യങ്ങളിലെ താമസ വിസയുള്ള വിദേശികള്‍ക്ക് സൌദിയിലേക്ക് ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൌദി ടൂറിസം മന്ത്രാലയം തീരുമാനിച്ചു. യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും മറ്റും ഓണ്‍ലൈന്‍ വഴി സൌദി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാം. 300 റിയാല്‍ ഫീസും, ഇന്‍ഷൂറന്‍സ് നിരക്കുമാണ് ഇതിന് അടയ്ക്കേണ്ടത്.

 

ഒന്നോ അതിലധികമോ തവണ ടൂറിസ്റ്റ് വിസ ഉപയോഗിക്കാവുന്നതാണ്. വിസിറ്റ്‌സൗദി ഡോട്ട്‌കോം എന്ന വെബ്‌സൈറ്റിൽ വിസാ പേജ് സന്ദർശിച്ച് പേരുവിവരങ്ങൾ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ച് ചെയ്ത് ഫീസുകൾ അടക്കുന്നവർക്ക് ഇ-മെയിൽ വഴി ഇ-വിസ ലഭിക്കും.

 

വിസാ അപേക്ഷകരുടെ ഗൾഫിലെ ഇഖാമ കാലാവധി മൂന്നു മാസത്തിലും പാസ്‌പോർട്ട് കാലാവധി ആറു മാസത്തിലും കുറവാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. പതിനെട്ടു വയസിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് ഇ-വിസ ലഭിക്കാൻ രക്ഷകർത്താവ് ആദ്യം വിസാ അപേക്ഷ നല്കണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത തുറകളിൽ പെട്ട ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകർഷിക്കാനും നിക്ഷേപാവസരങ്ങൾ സൃഷ്ടിക്കാനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും സ്വകാര്യ മേഖലയെയും സംരംഭകരെയും ശാക്തീകരിക്കാനും പ്രാദേശിക സമൂഹങ്ങളുടെ വളർച്ചക്കും സൗദി ടൂറിസം അതോറിറ്റി നടത്തുന്ന ശ്രമങ്ങൾക്ക് പുതിയ തീരുമാനം സഹായകമാകുമെന്ന് സൗദി ടൂറിസം അതോറിറ്റി സി.ഇ.ഒയും ഡയറക്ടർ ബോർഡ് അംഗവുമായ ഫഹദ് ഹുമൈദുദ്ദീൻ പറഞ്ഞു.

 

ഗൾഫ് രാജ്യങ്ങളിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും ബ്രിട്ടനിലും കഴിയുന്ന ദശലക്ഷക്കണക്കിന് വിദേശികൾക്ക് സൗദി അറേബ്യ എളുപ്പത്തിൽ സന്ദർശിക്കാനുള്ള അവസരമാണ് പുതിയ തീരുമാനത്തിലൂടെ സംജാതമായിരിക്കുന്നത്. സൗദിയിൽ മാത്രമുള്ള, പ്രചോദനകരവും അതുല്യവുമായ ടൂറിസം അനുഭവങ്ങൾ ആസ്വദിക്കാൻ ഗൾഫിൽ നിന്നും മുഴുവൻ രാജ്യങ്ങളിൽ നിന്നുമുള്ള ടൂറിസ്റ്റുകളെ സൗദിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും ഫഹദ് ഹുമൈദുദ്ദീൻ പറഞ്ഞു. 2019 ൽ ആണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തുടങ്ങിയത്. ടൂറിസ്റ്റ് വിസ നിയമത്തിൽ ഭേദഗതികൾ വരുത്തിയാണ് ഗൾഫിൽ കഴിയുന്ന വിദേശികൾക്ക് അടക്കം ടൂറിസ്റ്റ് വിസ അനുവദിക്കാൻ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്.

 

നിലവില്‍ അമേരിക്കന്‍, യു.കെ, ശങ്കന്‍ വിസയുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കുന്നുണ്ട്.

Share
error: Content is protected !!