‘ബിജെപി ഭരിക്കുന്നിടത്ത് വികസനം അതിവേഗം; കേരളത്തിലും വേണം ഇരട്ട എൻജിൻ സർക്കാർ’ – പ്രധാനമന്ത്രി

രാജ്യത്ത് എവിടെയല്ലാം ബി.ജെ.പി. സര്‍ക്കാര്‍ അധികാരത്തിലുണ്ടോ അവിടെയെല്ലാം അതിവേഗ വികസനമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ് അവിടെയെല്ലാം എന്നതാണ് അതിന്റെ കാരണം. കേരളത്തില്‍ ഇത്തരത്തിലൊരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ വികസനം അതിവേഗത്തിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗം തുടങ്ങിയത്. മലയാളികള്‍ക്ക് അദ്ദേഹം ഓണാശംസകള്‍ നേര്‍ന്നു. ”ഓണത്തിന്റെ അവസരത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എല്ലാവര്‍ക്കും ഓണാശംസകള്‍. കേരളം മനോഹരമായ നാടാണ്. സംസ്‌കാരിക വൈവിദ്യവും പാരമ്പര്യവും പ്രകൃതി വൈവിദ്യവുംകൊണ്ട് അനുഗ്രഹീതമാണ് കേരളം” – പ്രധാനമന്ത്രി മലയാളത്തില്‍ പറഞ്ഞു.

കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി മോദി പ്രസംഗത്തിലുടനീളം വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞു. പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും സൗകര്യങ്ങള്‍ ഒരുക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രഥമ ലക്ഷ്യം. അതിന് വേണ്ടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ജനങ്ങളുടെ അവശ്യങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വെയ്ക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് 2 ലക്ഷം വീടുകള്‍ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. അതില്‍ ഒരു ലക്ഷം വീടുകളുടെ പണി പൂര്‍ത്തീകരിച്ചു. കേരളത്തിലെ 36 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതി പ്രകാരം സൗജന്യ ചികിത്സാ സഹായം നല്‍കുകയുണ്ടായി. ഇതിനായി 30,000 കോടി രൂപ ചിലവഴിച്ചു.

രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് എങ്കിലും സ്ഥാപിക്കാനണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് കേരളത്തിലെ യുവാക്കള്‍ക്കും പ്രത്യേകിച്ച് നേഴ്‌സിങ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണകരമാകും. വ്യത്യസ്ത പദ്ധതികളിലായി ഒരു ലക്ഷം കോടി രൂപയാണ് കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ചിലവഴിച്ചതെന്നും
പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൊച്ചി രാജ്യാന്തര വിമാനത്താവത്തിൽ ഊഷ്മള സ്വീകരണം നൽകി . കസവുമുണ്ടുടുത്താണ് മോദി എത്തിയത്. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, അൻവർ സാദത്ത് എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതി ലാൽ, നേവൽ അക്കാദമി ഡെപ്യൂട്ടി കമാൻഡന്റ് റിയർ അഡ്മിറൽ അജയ് ഡി. തിയോഫിലസ്, ജില്ല കലക്ടർ ഡോ. രേണു രാജ്, റൂറൽ എസ്പി വിവേക് കുമാർ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, ബി.ജെ.പി നേതാവ് സി.പി. രാധാകൃഷ്ണന്‍, എന്‍.ഡി.എ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി, ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടി, ബി.ജെ.പി സംസ്ഥാന മുന്‍ പ്രസിഡന്റുമാരായ ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന്‍, ബി.ജെ.പി ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!