ലോകായുക്ത നിയമഭേദഗതി; ഗവര്‍ണര്‍ ഒപ്പിടില്ല, നിയമോപദേശം തേടാന്‍ രാജ്ഭവന്‍
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഭേദഗതി ഉൾപ്പെടുന്ന നിയമം ഗവർണർ ഉടനടി അംഗീകരിക്കില്ലെന്ന് സൂചന. ഇക്കാര്യത്തിൽ നിയമോപദേശം തേടാനാണ് രാജ്ഭവന്റെ ആലോചന. ചൊവ്വാഴ്ച നിയമസഭ പാസാക്കിയ ലോകായുക്ത നിയമഭേദഗതിബിൽ ഉടൻതന്നെ അംഗീകാരത്തിനായി ഗവർണർക്കു മുമ്പാകെയെത്തും. ഗവർണർ അംഗീകരിച്ചാലേ നിയമഭേദഗതി നിലവിൽ വരൂ.
അഴിമതി തെളിഞ്ഞാൽ പൊതുപ്രവർത്തകർ തത്‌സ്ഥാനം രാജിവെക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും ഭേദഗതി ചെയ്തത്. ലോകായുക്തയുടെ കണ്ടെത്തൽ മുഖ്യമന്ത്രിക്കെതിരാണെങ്കിൽ നിയമസഭയ്ക്കും മന്ത്രിമാർക്കെതിരാണെങ്കിൽ മുഖ്യമന്ത്രിക്കും എം.എൽ.എ.മാർക്കെതിരാണെങ്കിൽ സ്പീക്കർക്കും തീരുമാനമെടുക്കാൻ അധികാരം കൊടുക്കുന്നതാണ് പ്രധാന ഭേദഗതി.
അർധ ജുഡീഷ്യൽ സംവിധാനമെന്ന പദവിയുള്ള ലോകായുക്തയുടെ തീർപ്പ് നിയമസഭയോ മുഖ്യമന്ത്രിയോ അധികാരിയായി (കോമ്പീറ്റന്റ് അതോറിറ്റി) വരുന്നത് നിയമസംവിധാനമെന്ന തത്ത്വത്തിന് എതിരാകുമോയെന്നാണ് ഗവർണർ ആരായുന്നത്.