സൗദി അറേബ്യയിലെ പുതിയ വിമാന കമ്പനിക്ക് ‘RIA’ എന്ന് പേരിട്ടേക്കുമെന്ന് റിപ്പോർട്ട്‌

സൗദി അറേബ്യ അതിന്റെ മൾട്ടി ബില്യൺ ഡോളറിന്റെ പുതിയ അന്താരാഷ്ട്ര എയർലൈൻ ആരംഭിക്കുന്നതിന് അന്തിമരൂപം നൽകുന്നു. കഴിഞ്ഞ 12 മാസമായി രാജ്യം ഇതിൻ്റെ പ്രവർത്തനങ്ങൾ നടത്തിവരുന്നു. പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് കീഴിൽ തുടങ്ങാനിരിക്കുന്ന പുതിയ വിമാന കമ്പനിക്ക്  “RIA” എന്ന് പേരിട്ടേക്കുമെന്ന് സൂചന. എന്നാൽ പേര് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. പേര് സംബന്ധിച്ച അന്തിമ തീരുമാനം കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എടുക്കാൻ സാധ്യതയുണ്ടെങ്കിലും, മുൻഗണനാ ഓപ്ഷനായി “RIA” എന്ന പേര് PIF-ന് സമർപ്പിച്ചിട്ടുണ്ടെ്. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അറേബ്യൻ ബിസിനസ്സ് റിപ്പോർട്ട് ചെയ്തതാണിത്.

ഗൾഫ് മേഖലയിൽ ഏറെ പ്രതീക്ഷയോടെയാണ് പുതിയ വിമാന കമ്പനിയെ ജനങ്ങൾ കാത്തിരിക്കുന്നത്. സൌദിയുടെ വിഷൻ 2030 പദ്ധതിയുടെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ വ്യോമയാന മേഖലയിൽ 100 ​​ബില്യൺ ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇതിൽ ഭൂരിഭാഗവും ആഗോള റൂട്ടുകളിൽ സേവനം നൽകുന്ന ഒരു പുതിയ ദേശീയ വിമാന കമ്പനി സ്ഥാപിക്കുന്നതിലേക്കാണ് നീക്കി വെക്കുക.

റിയാദ് ആസ്ഥാനമായാണ് കമ്പനി പ്രവർത്തിക്കുക. കോടിക്കണക്കിന് ഡോളറിന്റെ പുതിയ അന്താരാഷ്ട്ര വിമാനക്കമ്പനി സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനക്കമ്പനിയായി മാറും. നിലവിലെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ജിദ്ദയിൽ നിന്നാണ് പ്രവർത്തിക്കുന്നത്. “എമിറേറ്റ്‌സ് ചെയ്ത കാര്യങ്ങൾ അതിൻ്റെ നാലിലൊന്ന് സമയത്തിനുള്ളിൽ ചെയ്യാനാണ് പുതിയ എയർലൈൻ ലക്ഷ്യമിടുന്നത്. വ്യോമയാന ചരിത്രത്തിൽ ഇത് അഭൂതപൂർവമാണ്. അത് കൊണ്ടാണ് പുതിയ എയർലൈൻ ഇതുവരെ അതിൻ്റെ സിഇഒയെ നിയമിക്കാത്തതെന്നും റിപ്പോർട്ട് പറയുന്നു.

2030 ഓടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത് 30 ദശലക്ഷം അന്താരാഷ്ട്ര ട്രാൻസിറ്റ് യാത്രക്കാരെയാണ്, ഇത് നിലവിൽ നാല് ദശലക്ഷത്തിൽ താഴെയാണ്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ 30 ബില്യൺ ഡോളർ നിക്ഷേപം ആവശ്യമായി വരുന്ന, ആഗോളതലത്തിൽ 150-ലധികം റൂട്ടുകളിൽ പുതിയ വിമാന കമ്പനിക്ക് ഒടുവിൽ പ്രവർത്തിക്കേണ്ടിവരുമെന്നാണ് ഇതിനർത്ഥം. എമിറേറ്റ്‌സ് നിലവിൽ 85 രാജ്യങ്ങളിലായി 158 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പറക്കുന്നത്.

“നിലവിൽ, സൗദി അറേബ്യയിലേക്കുള്ള മൊത്തം വിമാന ഗതാഗതത്തിന്റെ 60 ശതമാനവും മിഡിൽ ഈസ്റ്റിൽ നിന്നാണ്. ഏഷ്യ-പസഫിക് ഏകദേശം 20 ശതമാനം, ആഫ്രിക്ക വെറും 10 ശതമാനം – അതിനാൽ ഇവിടെ വലിയ സാധ്യതകളുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

കഴിഞ്ഞ മേയിൽ സൗദി അറേബ്യ 250 നേരിട്ടുള്ള ഡെസ്റ്റിനേഷനിലേക്കുള്ള യാത്ര പദ്ധതി പ്രഖ്യാപിച്ചിരുന്നു, ട്രാഫിക് മൂന്നിരട്ടിയാക്കുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!