അഞ്ചാംവിവാഹത്തിനൊരുങ്ങി 55-കാരന്‍; വേദിയിലേക്ക് ഇരച്ചെത്തി ഏഴുമക്കളും മുൻ ഭാര്യമാരും
അഞ്ചാംവിവാഹത്തിനായി എത്തിയ വിവാഹത്തട്ടിപ്പുകാരനെ വിവാഹവേദിയില്‍നിന്ന് പോലീസ് പിടികൂടി. നേരത്തെ വിവാഹം കഴിച്ച ഭാര്യമാരും മക്കളും വിവാഹവേദിയിലേക്ക് ഇരച്ചെത്തിയതോടെയാണ് തട്ടിപ്പുകാരന്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഷാഫി അഹമ്മദ് എന്ന 55-കാരനാണ് നേരത്തെ നാലുവിവാഹം കഴിച്ച കാര്യം മറച്ചുവെച്ച് അഞ്ചാമതും വിവാഹം കഴിക്കാന്‍ ഒരുങ്ങിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു വിവാഹചടങ്ങ്. എന്നാല്‍ ചടങ്ങിനിടെ ഇയാളുടെ മറ്റു ഭാര്യമാരും ഏഴ് മക്കളും വേദിയിലെത്തി. തുടര്‍ന്ന് ഇവര്‍ പിതാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ വധുവിന്റെ കൂട്ടരോട് വെളിപ്പെടുത്തി. ഇതോടെ വിവാഹവേദിയിലുണ്ടായിരുന്നവര്‍ വരനെ കൈകാര്യം ചെയ്യുകയായിരുന്നു. വരനെ ആളുകൾ മർദിക്കുന്നത് കണ്ട വധു വേദിയിൽ നിന്ന് ഓടിപ്പോയി. പിന്നീട് പോലീസെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.