ബസിൻ്റെ ഡോറിൽ തൂങ്ങി യാത്ര; റോഡിൽ തെറിച്ചുവീണ വിദ്യാർഥി രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ

ആളുകൾ തിങ്ങിനിറഞ്ഞ ബസിന്‍റെ ഡോറിൽ തൂങ്ങി യാത്രചെയ്യുന്നതിനിടെ കൈവിട്ട് റോഡിൽ തെറിച്ചുവീണ വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിലെ മധുരന്തകം എന്ന സ്ഥലത്താണ് സംഭവമെന്ന് സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവെച്ചവർ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടിലെ മധുരയിൽ സ്‌കൂൾ വിദ്യാർത്ഥി ബസിന്റെ ഡോറിൽ നിന്ന് വീണ് മരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. സെയ്യൂരിൽ നിന്ന് അച്ചരപ്പാക്കത്തേക്ക് പോവുകയായിരുന്ന ബസിൽനിന്നാണ് വിദ്യാർത്ഥി പിടിവിട്ട് റോഡിലേക്ക് വീണത്.

നിറഞ്ഞ യാത്രക്കാരുമായി ബസ് പോകുന്നത് വിഡിയോയിൽ കാണാം. ബസിന്‍റെ ഇരു ഡോറിലും വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ തൂങ്ങിനിന്ന് യാത്ര ചെയ്യുന്നുണ്ട്. പെട്ടെന്ന്, കൂട്ടത്തിലൊരു വിദ്യാർഥി കൈവിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്‍റെ പിൻചക്രത്തിനടിയിൽ പെടാതെ അത്ഭുതകരമായാണ് വിദ്യാർഥി രക്ഷപ്പെടുന്നത്. വലിയ പരിക്കുകൾ കൂടാതെ വിദ്യാർഥി എഴുന്നേൽക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.

വിഡിയോക്ക് നിരവധി കമന്‍റുകളാണ് ലഭിക്കുന്നത്. അധികൃതരുടെ അനാസ്ഥയാണ് ആളുകൾ ഇങ്ങനെ യാത്ര ചെയ്യുന്നതിന് കാരണമെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികൾക്ക് യാത്രാ സൗകര്യം ഒരുക്കാതെ മറ്റെന്ത് വികസനം വന്നിട്ട് എന്താണ് കാര്യമെന്നും ആളുകൾ ചോദിക്കുന്നു. വൻ അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് കുട്ടി രക്ഷപ്പെട്ടത്. കുട്ടി വീണതിന് പിറകെ മറ്റേതെങ്കിലും വാഹനം മുകളിലൂടെ കയറാനുള്ള സാധ്യത ഏറെയായിരുന്നു. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ പങ്കുവെച്ചത്.

Share
error: Content is protected !!