നിയമപ്രശ്നങ്ങളില്‍ പെട്ട് നാട്ടില്‍ പോകാനാവാതെ കുടുങ്ങിയത് അഞ്ച് വര്‍ഷം; ഒടുവില്‍ പാതി തളർന്ന ജീവിതവുമായി നാട്ടിലേക്ക്

രോഗം പാതി തളർത്തിയ ജീവിതവുമായി അബ്ദുൽ കരീം സൗദി അറേബ്യയില്‍ നിന്ന് സ്വദേശത്തേക്ക് മടങ്ങി. തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശിയായ ഇദ്ദേഹം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെയാണ് അഞ്ചുവർഷത്തിനുശേഷം നാടണഞ്ഞത്. 21 വർഷമായി റിയാദിലെ സ്വകാര്യ ബേക്കറിയിൽ ജീവനക്കാരനായിരുന്ന അബ്ദുല്‍ കരീം, തൊഴിലുടമയുടെ മരണത്തെ തുടർന്നുള്ള നിയമപ്രശ്നങ്ങളാൽ ഇഖാമ പുതുക്കാത്തതാണ് അഞ്ചുവർഷത്തിനിടെ നാട്ടിലേക്കുള്ള വഴിയിൽ കടമ്പ തീർത്തത്. അതിനിടയിൽ രോഗം പിടിപെട്ടത് കൂടുതൽ ദുരിതത്തിലുമാക്കി.

ജൂലൈ 10ന് പക്ഷാഘാതം പിടിപെട്ട് റിയാദിലെ താമസസ്ഥലത്ത് അബ്ദുൽ കരീം കുഴഞ്ഞുവീണും. വിവരമറിഞ്ഞ്​ സാമൂഹിക പ്രവർത്തകരെത്തി റിയാദിലെ അൽഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി ഇഖാമ പുതുക്കാത്തതിനാൽ ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ്​ കൊട്ടുകാടിന്റെ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ കമ്പനി മാനേജറുമായി സംസാരിച്ച്​ വേഗത്തിൽ മെഡിക്കൽ ഇൻഷുറൻസ് ലഭ്യമാക്കിയതിനാൽ ആശുപത്രി ചികിത്സ സുഗമമായി നടന്നു.

തലച്ചോറിൽ രണ്ട് മേജർ ശസ്ത്രക്രിയകൾ നടത്തി. രണ്ടാമത്തെ ശസ്ത്രക്രിയക്ക് ശേഷം തലയോട്ടിയുടെ ഒരു ഭാഗം വയറ്റിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് മാസത്തിന് ശേഷമേ അത് പഴയസ്ഥാനത്ത് പുനഃസ്ഥാപിക്കാനാവൂ. നാട്ടിലെത്തി കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമാണ്. എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ശിഹാബിന്റെ ഇടപെടലിൽ തർഹീലിൽനിന്ന്​ ഫൈനൽ എക്സിറ്റ്​ വിസ ശരിയാക്കി.

നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള യാത്രാചെലവും മറ്റും വഹിക്കാൻ ഇദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അധികൃതർ തയാറായി. നാട്ടിൽ ചികിത്സക്കായി ചെറിയൊരു തുകയുടെ സഹായം സ്പോൺസറുടെ മകൻ നൽകി. കഴിഞ്ഞദിവസം സൗദി എയർലൈൻസ്​ വിമാനത്തിൽ നാട്ടിലേക്ക്​അദ്ദേഹം നാട്ടിലേക്ക് യാത്രയായി. കൊട്ടാരക്കര കുന്നിക്കോട്​ സ്വദേശി ഷംനാദാണ് യാത്രയിൽ സഹായിയായി ഒപ്പം പോയത്.

ശിഹാബിനോടൊപ്പം കരീം, സലാം, നൗഷാദ്​ ആലുവ, സാബിത്ത്​, ഡൊമിനിക്​ സാവിയോ, നൗഷാദ്​ കുന്നിക്കോട്, സലാം പെരുമ്പാവൂർ, അനീഷ്, നഴ്‍സിങ്​ സ്‍റ്റാഫുമാരായ മെർലിൻ, ജസ്റ്റിൻ, കമ്പനി മാനേജർ അബ്ദുൽ വഹാബ് എന്നിവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ നാട്ടിലെത്തിക്കുന്നതുവരെ സഹായിക്കാൻ രംഗത്തുണ്ടായിരുന്നത്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!