‘ക്ലാസിൽ ചൂളമടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളുടെ മുടി മുറിച്ചു’; പ്രധാനാധ്യാപികക്കെതിരെ പരാതി
കൊല്‍ക്കത്ത: സ്കൂളിലെ പ്രധാനാധ്യാപിക വിദ്യാര്‍ഥികളുടെ തലമുടി മുറിച്ചതായി രക്ഷിതാക്കളുടെ പരാതി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന ആറു വിദ്യാർഥികളുടെ മുടി മുറിച്ചതായാണ് പരാതി. കൊൽക്കത്തയിലെ ദക്ഷിണേശ്വറിനടുത്തുള്ള ഹൈസ്കൂളിലാണ് സംഭവം.
അരിയാദഹ കലാചന്ദ് ബോയ്‌സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മജുംദാറിനെതിരെയാണ് ആരോപണം. ഇവർക്കെതിരെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വെള്ളിയാഴ്ച ഫിസിക്കൽ സയൻസ് ക്ലാസിനിടെയാണ് സംഭവം.
കുട്ടികളിൽ ആരോ ചൂളം അടിച്ചതായി തോന്നിയ ക്ലാസ് ടീച്ചര്‍ ആരാണ് ചൂളം അടിച്ചതെന്ന് ചോദ്യം ചെയ്തു. എന്നാല്‍ ടീച്ചറുടെ ചോദ്യത്തിന് കുട്ടികള്‍ ആരും ഉത്തരം നല്‍കിയില്ല. ഇതോടെ ക്ലാസ് ടീച്ചറിന് സംശയം തോന്നിയ ആറ് കുട്ടികളെ പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി.
എന്നാൽ പ്രധാനാധ്യാപികയുടെ ചോദ്യത്തിനും മറുപടി ഇല്ലാതായതോടെ കത്രികയെടുത്ത് ആറു കുട്ടികളുടെയും മുടി മുറിക്കുകയായിരുന്നു.
പ്രധാനാധ്യാപികയായ ഇന്ദ്രാണിയുടെ ഈ ശിക്ഷാരീതി അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം രക്ഷിതാക്കൾ പറയുന്നത്. കുട്ടികൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. എന്നാൽ ഇങ്ങനെയല്ല ശിക്ഷിക്കേണ്ടതെന്നും ഇവർ പറഞ്ഞു. പ്രധാനാധ്യാപികക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അത് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു. എന്നാൽ വിഷയത്തിൽ ഇന്ദ്രാണി മസുംദാർ ഇത് വരെ പ്രതികരിച്ചിട്ടില്ല. സംഭവം വളരെ ഗൗരവമായാണ് കാണുന്നതെന്ന് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ അസിം ദത്ത പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക