സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പല സ്ഥലങ്ങളിലും ഉരുൾപൊട്ടി, വീടുകളിലും റോഡുകളിലും വെള്ളം കയറി, സംസ്ഥാനത്ത് ജാഗ്രത നിർദേശം

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ ശക്തമായ മഴ പെയ്യുകയാണ്. നിരവധിയിടങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായണ് റിപ്പോർട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മൂന്നിലവ് വില്ലേജിൽ ഉരുൾപൊട്ടലുണ്ടായി. നാശനഷ്ടങ്ങളില്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മൂന്നിലവ് ടൗണിൽ വെള്ളം കയറി. മുണ്ടക്കയം– എരുമേലി സംസ്ഥാന പാതയിൽ ഗതാഗത തടസ്സമുണ്ടായി. കരിനിലത്ത് തോട് കര കവിഞ്ഞ് ഒഴുകിയതിനെ തുടർന്നാണ് ഗതാഗതം തടസപ്പെട്ടത്. ശക്തമായി മഴയിൽ പ്രദേശത്ത് ഉണ്ടായ മലവെള്ളപാച്ചിലിലാണ് റോഡിൽ വെള്ളം കയറിയത്. നാലോളം വീടുകളിലും വെള്ളം കയറി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

കല്ലാറിൽ നിന്ന് മീൻ മുട്ടി വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലുള്ള കൈത്തോട് നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ അക്കരെയുള്ള വിനോദ സഞ്ചാരികൾക്ക് ഇപ്പുറത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളൊക്കെ അക്കരെ കുടുങ്ങിക്കിടക്കുകയാണ്. കുറച്ചു പേരെ നാട്ടുകാർ ചേർന്ന് ഇക്കരയ്ക്ക് എത്തിച്ചു. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ അതിനുവേണ്ടിയിട്ടുള്ള സൗകര്യങ്ങൾ പഞ്ചായത്തും അധികൃതരും ഒരുക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പാച്ചിലും. നദികളിൽ ജലനിരപ്പുയരുന്നു, തോടുകൾ കരകവിഞ്ഞു.  അച്ചൻകോവിലാറിൽ ജലനിരപ്പ് ഉയർന്നു. കൂടൽ, കലഞ്ഞൂർ, കോന്നി മേഖലകളിലും നദിയിൽ വെള്ളം ഉയരുന്നു. സീതത്തോടിനു സമീപം കൊച്ചുകോയിക്കൽ തോട് കരകവിഞ്ഞു. കൊച്ചുകോയിക്കൽ നാലാം ബ്ലോക്കിൽ മണ്ണിടിഞ്ഞ് വീടു തകർന്നു.

ഇന്ന് വൈകിട്ടുയുണ്ടായ ശക്തമായ മഴയിൽ ഇടുക്കി മൂലമറ്റം കണ്ണിക്കൽ മലയിൽ ഉരുൾപൊട്ടി. മണപ്പാടി, കച്ചിറമറ്റം പാലങ്ങൾ വെള്ളത്തിനടിയിലായി.  വൈകിട്ട് 6 മണിയോടെയാണ് ഉരുൾപൊട്ടിയത്. ഉരുൾപൊട്ടിയത് എവിടെയെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഉരുളിൽ ഒഴുകിയെത്തിയ വെള്ളം  മണപ്പാടി, കച്ചിറമറ്റം തോടിലൂടെ ഒഴുകിപ്പോവുകയായിരുന്നു. കഴിഞ്ഞ വർഷം കച്ചിറമറ്റം പാലത്തിലൂടെ കടന്നുപോയ കാർ അപകടത്തിൽ പെട്ട് 2 പേർ മരിച്ചിരുന്നു. വലകെട്ടിഭാഗത്തും ഉരുൾപൊട്ടിയതായി സൂചനയുണ്ട്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

തിരുവനന്തപുരം ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. മഴ ശക്തമായതിനെ തുടർന്ന് നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകൾ രണ്ടര സെന്റിമീറ്റർ ഉയർത്തി. പൊൻമുടി, കല്ലാർ, മങ്കയം വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ അറബിക്കടലിൽ 1 മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്. അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Share
error: Content is protected !!