കൊല്ലം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ : ഒരു മരണം

കൊല്ലം∙ അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു, രണ്ടു പേർക്ക് പരുക്കേറ്റു. കുടുങ്ങിക്കിടന്ന അഞ്ചുപേരെ രക്ഷപ്പെടുത്തി. തമിഴ്നാട് മധുര സ്വദേശി കുമരനാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ചെങ്കോട്ടയിലെ ആശുപത്രിയിലെത്തിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം.

വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്. രണ്ടുപേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അവിടെവെച്ചാണ് മരണം സംഭവിച്ചത്. മറ്റൊരാളെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ 25-ഓളം പേര്‍ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടില്‍ കുടുങ്ങിയിരുന്നു. പിന്നീട് അച്ചന്‍കോവില്‍ റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു.

 

കഴിഞ്ഞ അഞ്ച് വര്‍ഷമായി കുഭാവുരുട്ടി വെള്ളച്ചാട്ടത്തിലേക്ക് ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസമാണ് വെള്ളച്ചാട്ടം തുറന്നുനല്‍കിയത്. ഇതോടെ തമിഴ്‌നാട്ടില്‍നിന്ന് നിരവധി പേര്‍ ഇവിടെ എത്തിയിരുന്നു. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടം അടച്ചതോടെ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തിരുന്നു.

തമിഴ്നാട് അതിർത്തിയിലെ കനത്ത മഴയെ തുടർന്ന് വനത്തിൽ ഉരുൾപൊട്ടിയതാണ് മലവെള്ളപ്പാച്ചിലിന് കാരണമെന്നാണ് വിവരം. തമിഴ്നാട്ടിൽനിന്നുള്ള വിനോദസഞ്ചാരികളാണ് ഇവിടേക്ക് കൂടുതലായി എത്തുന്നത്. കഴിഞ്ഞ ദിവസം കുറ്റാലം വെള്ളച്ചാട്ടത്തിൽ സമാനരീതിയിൽ മലവെള്ളപ്പാച്ചിലിൽ രണ്ടു പേർ മരിച്ചിരുന്നു.

ചെങ്കോട്ടയിൽനിന്ന് അച്ചൻകോവിൽ ഭാഗത്തേക്കു പോകുന്ന പാതയിലാണ് കുംഭാവുരുട്ടി വെള്ളച്ചാട്ടം. സംസ്ഥാന വനംവകുപ്പിനു കീഴിൽ വനം ഡവലപ്മെന്റ് സൊസൈറ്റിയാണ് ഇവിടെ വിനോദ സഞ്ചാരികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നത്. അഞ്ചു വർഷം മുൻപ് ഇവിടെ സമാനരീതിയിൽ മരണം ഉണ്ടായതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് ഇത് വീണ്ടും വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുത്തത്.

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Share
error: Content is protected !!