പുതിയ ഉംറ സീസൺ ആരംഭിച്ചു; വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആദ്യ തീർഥാടക സംഘം മക്കയിലെത്തി
മക്ക: ഹജ്ജ് സീസണ്‍ അവസാനിച്ച ശേഷമുള്ള വിദേശ ഉംറ തീര്‍ഥാടകരുടെ ആദ്യ സംഘം ഇന്ന് മക്കയിലെത്തി. വിദേശ തീർഥാടകരെ ഇരുഹറം കാര്യാലയം സ്വീകരിച്ചു. രണ്ടാഴ്ച മുമ്പ് ഉംറ പെര്‍മിറ്റ് ലഭിച്ചവര്‍ക്കാണ് ഇന്ന് മക്കയിലെത്തി ഉംറ നിര്‍വഹിക്കാന്‍ അവസരം നല്‍കുകയെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.
പുതിയ ഹിജ്‌റ വര്‍ഷത്തിന്‍റെ ആരംഭമായ മുഹര്‍റം ഒന്നായി ഇന്ന് (ശനിയാഴ്ച) മുതലാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരെയും ആഭ്യന്തര തീർഥാടകരെയും സൗദി അധികൃതര്‍ സ്വീകരിച്ച് തുടങ്ങിയത്. വർഷം മുഴുവനും തീർഥാകർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മന്ത്രാലയം അറിയിച്ചു.
പുതിയ ഉംറ തീർഥാകർക്കായി വൻ ക്രമീകരണങ്ങളാണ് ഹറം പള്ളിയിൽ ഒരുക്കിയിട്ടുള്ളത്. ഹറമിലെ നടുമുറ്റവും (മതാഫ്) താഴത്തെ നിലയും തീർഥാടകർക്ക് മാത്രമായി നീക്കി വെച്ചു. തിരക്ക് വർധിക്കുന്നതിനനുസരിച്ച് ഒന്നാം നിലയും തീർഥാടകർക്ക് മാത്രമാക്കും.
കിംഗ് ഫഹദ് ഗേറ്റ്, ബാബ് അൽ-സലാം, ബാബ് അജ്യാദ് എന്നീ കവാടങ്ങൾ തീർഥാടകർക്ക് മാത്രമായിട്ടുള്ളതാണ്. കൂടാതെ പുറത്്ത കടക്കാൻ മറ്റൊരു കാവടവും സജ്ജീകരിച്ചിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാക്കിസ്ഥാന്‍, തുര്‍ക്കി, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് ഹജ്ജിന് ശേഷം ആദ്യമായി ഉംറ ചെയ്യാനെത്തുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ജിദ്ദ, മദീന എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവര്‍ പുണ്യഭൂമിയില്‍ എത്തുക.
വിദേശ ഉംറ തീര്‍ഥാടകരെ സ്വീകരിക്കാന്‍ 500 ലേറെ ഉംറ സര്‍വീസ് കമ്പനികളും സ്ഥാപനങ്ങളും നേരത്തെ തന്നെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ദേശീയ ഹജ്ജ്, ഉംറ കമ്മിറ്റി അംഗം ഹാനി അല്‍ അമീരി പറഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെ ലൈസന്‍സുള്ള രണ്ടായിരത്തിലേറെ വിദേശ ഏജന്‍സികള്‍ ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഉംറ തീര്‍ഥാടകര്‍ക്ക് ഗതാഗത സേവനങ്ങള്‍ നല്‍കുന്ന മേഖലയില്‍ ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റ് അംഗീകാരമുള്ള 68 ബസ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. വിദേശ തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ ടൂറിസം മന്ത്രാലയത്തിന്‍റെയും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്‍റെയും അംഗീകാരമുള്ള 1,900 ലേറെ ഹോട്ടലുകളും അപ്പാര്‍ട്ട്മെന്‍റുകളും ഒരുക്കിയിട്ടുണ്ടെന്നും ഹാനി അല്‍ അമീരി വ്യക്തമാക്കി.
ലോകത്ത് എവിടെ നിന്നും ആര്‍ക്കും ഉംറ പാക്കേജുകള്‍ വഴി മിനിറ്റുകള്‍ക്കകം വിസ നേടാന്‍ സാധിക്കുന്ന തരത്തില്‍ സാങ്കേതിക വിദ്യയില്‍ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അറിയിച്ചു. ആഭ്യന്തര തീർഥാടകർക്ക് തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ വഴി പെർമിറ്റ് ലഭ്യമാണ്.
ഉംറ വിസാ കാലാവധി മൂന്നു മാസമായി ദീര്‍ഘിപ്പിച്ചു കൊണ്ടുള്ള മന്ത്രാലയത്തിന്‍റെ തീരുമാനവും ഇന്നു മുതല്‍ നിലവില്‍വരുമെന്നും അദ്ദേഹം അറിയിച്ചു. ഉംറ വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന തീര്‍ഥാടകര്‍ക്ക് വിസാ കാലാവധിയില്‍ സൗദിയില്‍ എവിടെയും സ്വതന്ത്രമായി സഞ്ചരിക്കാന്‍ സാധിക്കും. ഇത്തവണ വിദേശ രാജ്യങ്ങളില്‍ നിന്ന് ഒരു കോടി ഉംറ തീര്‍ഥാടകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാനി അല്‍ അമീരി പറഞ്ഞു.
കഴിഞ്ഞ സീസണിൽ മദീനയിലെ റൌളാ ശരീഫിൽ നമസ്കരിക്കുന്നതിനും, മക്കയിൽ ഉംറ നിർവഹിക്കുന്നതിനുമായി ആകെ 70 ദശലക്ഷത്തിലധികം പെർമിറ്റുകൾ അനുവദിച്ചതായി ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് ഹിഷാം സയീദ് അറിയിച്ചു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക