വീഴ്ചയില്‍ മൂക്ക് അറ്റുപോയ 24 കാരന് പുതുജീവിതം സമ്മാനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സംഘം
പടികൾ ഇറങ്ങുന്നതിനിടെ കാല് തെന്നിയുണ്ടായ ഗുരുതര വീഴ്ചയില്‍ അറ്റുപോയ മൂക്കിന്റെ ഭാഗം തുന്നിചേർത്ത് 24 കാരന് പുതിയ ജീവിതം നൽകിയിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ സംഘം. ദുബൈ പ്രവാസിയായ നേപ്പാള്‍ സ്വദേശി നിഷാന്‍ ഗുരുങ്ങാണ് ശസ്ത്രക്രിയക്കു വിധേയനായത്. അറ്റുപോയ മൂക്കിന്റെ ഭാഗം നെറ്റിയിലെ ത്വക്കില്‍നിന്ന് പുനര്‍നിര്‍മിച്ച് തുന്നിച്ചേര്‍ത്തു.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തിയും മറ്റു സാധനങ്ങളുമായി പടികള്‍ ഇറങ്ങുകയായിരുന്ന നിഷാന്‍ കാല്‍വഴുതി വീഴുകയായിരുന്നു. ചാടി എണീറ്റെങ്കിലും എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. മൂക്കില്‍നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. ധരിച്ചിരുന്ന ടീഷര്‍ട്ടുകൊണ്ട് മുറിവില്‍ നിഷാന്‍ അമര്‍ത്തിപ്പിടിച്ചു. രക്തം നില്‍ക്കാതെ വന്നതോടെ സഹായത്തിനായി സുഹൃത്തിനെ വിളിച്ചു. തിരിച്ച് റൂമിലെത്തിയശേഷം നോക്കിയപ്പോഴാണ് മുക്കിന്റെ മുന്‍ഭാഗം അറ്റുപോയതായി കണ്ടത്. തുടര്‍ന്ന് മന്‍ഖൂലിലെ ആസ്റ്റര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ എത്തി. ജബല്‍ അലിയിലെ കമ്പനിയിൽ സ്റ്റോര്‍ കീപ്പറായ നിഷാന്‍ സുഹൃത്തിന്റെ മുറിയിലേക്ക് താമസം മാറുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവിടത്തെ ഡോക്ടര്‍മാരാണ് ഖിസൈസിലെ ആസ്റ്റര്‍ ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സര്ജന് ഡോ. രാജ്കുമാര് രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘത്തെ നിര്‍ദേശിച്ചത്.
രണ്ടുഘട്ടങ്ങളിലായുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് വിധേയനാകേണ്ടിവരുമെന്ന് ആശുപത്രിയിലെത്തിയ നിഷാനോട് ഡോ. രാജ്കുമാർ പറഞ്ഞു.
ആദ്യ ശസ്ത്രക്രിയ ജൂൺ 11 നായിരുന്നു. മൂന്നാഴ്ചക്കുശേഷം നടന്ന രണ്ടാമത്തെ ശസ്ത്രക്രിയയുടെ ഘട്ടത്തില്‍ ഇതു തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയ വിജയകരമാണെന്നും നിഷാന്‍ വേഗം സുഖംപ്രാപിച്ചുവരുന്നതായും ഡോ. രാജ്കുമാര് പറഞ്ഞു. മുറിവ് ഭേദമായി സുഖംപ്രാപിക്കാന്‍ ഏതാണ്ട് മൂന്നു മുതല്‍ ആറുമാസം വരെ എടുക്കും. ഈ സമയത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത ഭാഗത്തേക്ക് രക്തവിതരണം ആരംഭിക്കുകയും പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലാവുകയും ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക